ഗസ്സ: ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഹമാസ്. (Nine Israeli Soldiers Killed, Wounded in Gaza Shejaiya ) ഏറ്റുമുട്ടല്‍ രൂക്ഷമായ ശുജാഇയില്‍ പോരാളികള്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങി നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഗസയ്ക്ക് കിഴക്കുള്ള ശുജാഇയില്‍ നേര്‍ക്കു നേരെയുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും നിരവധി ഇസ്രായേലി സൈനികര്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും നാശ നഷ്ടങ്ങളുണ്ടാക്കിയതായും അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
|
ശുജാഇയയിലെ ഒരു കെട്ടിടത്തില്‍ ഒളിപ്പിച്ച കുഴിബോംബ് പൊട്ടിയാണ് നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയന്‍ ഇസ്ലാമിക ജിഹാദ് ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ വര്‍ഷിച്ച പൊട്ടാത്ത എഫ്-16 മിസൈലുകളില്‍ ഒന്ന് ഉപയോഗിച്ചാണ് നാടന്‍ ബോംബ് തയ്യാറാക്കിയത്.
ശുജാഇയയിലെ ബഗ്ദാദ് തെരുവില്‍ സൈനികര്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയതായി അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. 24 മണിക്കൂറിനിടെ ചുരുങ്ങിയത് 9 ഇസ്രായേല്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെടുന്ന സൈനികരുടെ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്തുവിടാത്തതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല.
വ്യാഴാഴ്ച്ച ജെനിനില്‍ ഇസ്രായേലി സ്‌നൈപ്പര്‍ സ്‌ക്വാഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യം ഒരു കവചിത വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ പോരാളികള്‍ നടത്തിയ രണ്ടാമത്തെ സ്‌ഫോടനത്തിലാണ് ഓഫിസര്‍ കൊല്ലപ്പെട്ടത്. എളുപ്പത്തില്‍ കണ്ടെത്താതിരിക്കാന്‍ ഒന്നര മീറ്ററോളം ആഴത്തിലാണ് ബോംബുകള്‍ കുഴിച്ചിട്ടിരുന്നത്. ഇവ എന്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൊട്ടിച്ചതെന്ന് അറിയാതെ കുഴങ്ങുകയാണ് ഇസ്രായേല്‍ സൈന്യം.
അതിനിടെ റഫയില്‍ പോരാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി ഇസ്രായേലി സൈനികരെ ഹെലികോപ്ടറില്‍ ഒഴിപ്പിച്ചു. മധ്യ റഫയില്‍ ഫലസ്തീന്‍ പോരാളികളും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
പോരാട്ടം രൂക്ഷമായ ശുജാഇയയില്‍ നിന്ന് 60,000ഓളം പേര്‍ പലായനം ചെയ്തു. ഗസയില്‍ കഴിഞ്ഞ ദിവസം രാത്രി ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഗസയില്‍ മഗാസി അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രായേല്‍ ബോംബിട്ടു.


