റിയാദ്: 2034ല്‍ സൗദയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ മദ്യം അനുവദിക്കില്ലെന്ന് അറിയിച്ച് സൗദി അറേബ്യ. സൗദി അറേബ്യയില്‍ 2034ല്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന ആരാധകര്‍ക്ക് മദ്യം കഴിക്കാന്‍ അനുവാദമില്ലെന്ന് ബ്രിട്ടണിലെ അംബാസഡര്‍ ഖാലിദ് ബിന്‍ ബന്ദര്‍ അല്‍ സൗദ് രാജകുമാരന്‍ ആണ് പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റിലേക്ക് പോകുന്നവര്‍ ഗള്‍ഫ് രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും ഹോട്ടലുകള്‍ ഉള്‍പ്പെടെ പരിപാടിയുടെ സമയത്ത് മദ്യം എവിടെയും വില്‍ക്കില്ലെന്നും ഖാലിദ് ബിന്‍ ബന്ദര്‍ അല്‍ സൗദ് പറഞ്ഞു. ‘ഇപ്പോള്‍, ഞങ്ങള്‍ മദ്യം അനുവദിക്കുന്നില്ല,’ അംബാസഡര്‍ എല്‍.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
|
‘മദ്യം കൂടാതെ ധാരാളം ആസ്വദിക്കാം. അത് 100% ആവശ്യമില്ല. നിങ്ങള്‍ പോയതിനുശേഷം കുടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം- പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ മദ്യത്തിന് അനുമതി നല്‍കില്ല. എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ പരിധിക്കുള്ളില്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, പക്ഷേ മറ്റൊരാള്‍ക്ക് വേണ്ടി നമ്മുടെ സംസ്‌കാരം മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് മദ്യമില്ലാതെ ജീവിക്കാന്‍ കഴിയില്ലേ?- ഖാലിദ് ബിന്‍ ബന്ദര്‍ അല്‍ സൗദ് പറഞ്ഞു.
സൗദി അറേബ്യ മദ്യപാനത്തിന് കര്‍ശനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് പിഴ, തടവ്, നാടുകടത്തല്‍ അല്ലെങ്കില്‍ ശാരീരിക ശിക്ഷ എന്നിവ ലഭിക്കും. എങ്കിലും 2024 ജനുവരി മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ റിയാദിലെ ഒരു കടയില്‍ അമുസ്ലിം നയതന്ത്രജ്ഞര്‍ക്ക് മദ്യം വില്‍ക്കാന്‍ അനുവാദമുണ്ട്.
ഡിസംബര്‍ 11 നാണ് 2034 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണെന്ന് ഫിഫ സ്ഥിരീകരിച്ചത്. ഖത്തറിന് ശേഷം ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ മിഡില്‍ ഈസ്റ്റ് രാജ്യമാകുകയാണ് സൗദി.
റിയാദ്, ജിദ്ദ, അല്‍ ഖോബാര്‍, അബഹ, നിയോം എന്നീ അഞ്ച് ആതിഥേയ നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. ഉദ്ഘാടന, അവസാന മത്സരങ്ങള്‍ക്കായി റിയാദിലെ 92,000 പേര്‍ക്ക് ഇരിക്കാവുന്ന കിംഗ് സല്‍മാന്‍ സ്റ്റേഡിയം ഉള്‍പ്പെടെ പത്ത് പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും.
No alcohol allowed at 2034 World Cup, confirms Saudi ambassador


