24
Mar 2025
Mon
24 Mar 2025 Mon
PFI ED

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് ജാമ്യം. (No evidence for ED’s allegations; PFI activist from Kozhikode gets bail)  കോഴിക്കോട് വടകര സ്വദേശി കെ ഫിറോസിനാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു ലക്ഷം രൂപയുടെ ബോണ്ട്, തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം, ജാമ്യം നില്‍ക്കുന്നവര്‍ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആയിരിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകളെന്ന് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചന്ദെര്‍ ജിത് സിംഗിന്റെ ഉത്തരവ് പറയുന്നു.

പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കെ ഫിറോസിനെയും അന്‍ഷാദ് ബദറുദ്ദീനെയും യുപി പോലിസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്. യുഎപിഎ, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമാണ് കേസ്.

ശാരീരിക പരിശീലനത്തിന്റെ മറവില്‍ ആയുധപരിശീലനം നടത്താന്‍ പിഎഫ്ഐ ആസ്ഥാനത്ത് നിന്നാണ് ഇവരെ വിട്ടിരുന്നതെന്നും ഇഡി വാദിച്ചു. പിഎഫ്ഐയുടെ പണം കൊണ്ട് റെയില്‍വേ ടിക്കറ്റ് എടുത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു എന്നാണ് പ്രധാന ആരോപണങ്ങളിലൊന്ന്.

അന്വേഷണവുമായി സഹകരിച്ചില്ലെന്നും പിഎഫ്ഐ ആയുധപരിശീലനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയില്ലെന്നും ഇഡി ആരോപിക്കുന്നു. എന്നാല്‍, ആരോപണങ്ങള്‍ മുഴുവന്‍ ഫിറോസിന്റെ അഭിഭാഷകന്‍ നിഷേധിച്ചു.

2024 മാര്‍ച്ച് 18നാണ് കേസില്‍ തന്നെ അറസ്റ്റ് ചെയ്തതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി തനിക്ക് യാതൊരുബന്ധമില്ലെന്നും ഫിറോസ് വാദിച്ചു. ഒരു ബാങ്ക് ഇടപാടിന്റെ തെളിവ് പോലും ഹാജരാക്കാന്‍ ഇഡിക്കായിട്ടില്ല.

പിഎഫ്ഐയില്‍ നിന്നോ മറ്റോ പണം വാങ്ങിയതിന് രേഖകളില്ല. താന്‍ പിഎഫ്ഐ നേതാവാണെന്നോ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്ന ആളാണെന്നോ ആരോപണമില്ല. താന്‍ മൂലം എന്തെങ്കിലും അക്രമങ്ങളോ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോ നടന്നതായും ആരോപണമില്ലെന്നും ഫിറോസ് വാദിച്ചു.

ഫിറോസിന്റെ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഫിറോസ് പണം പിരിച്ചതിനോ പിഎഫ്ഐയില്‍ നിന്നും പണം സ്വീകരിച്ചതിനോ യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കള്ളപ്പണം ഒളിപ്പിക്കുകയോ സ്വന്തമാക്കുയോ ഉപയോഗിക്കുകയോ ചെയ്തതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം യുഎപിഎ കേസ് ഉള്ളതിനാൽ ഫിറോസിന് ജയിലിൽ നിന്ന് ഇറങ്ങാൻ ആവില്ല.