22
Feb 2023
Sun
22 Feb 2023 Sun

അവിശ്വാസികളോട് സ്നേഹമില്ലെന്നും അവരുടെ സർവ നാശത്തിനായി ദൈവത്തോട് പ്രാർഥിക്കുമെന്നും നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ​ഗോപി. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും നടൻ പറഞ്ഞു. ആലുവയിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികളിൽ സ്നേഹവും അച്ചടക്കവും വളർത്തിയെടുക്കാൻ വിശ്വാസം നല്ലൊരു ആയുധമാണ്. തന്റെ മതത്തെ പോലെ മറ്റ് വിശ്വാസങ്ങളേയും ഞാൻ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഖുർആനേയും ബൈബിളിനേയും മാനിക്കണം. എന്നാൽ ലോകത്തുള്ള അവിശ്വാസികളോട് ഒട്ടും സ്നേഹമില്ല. അത് ചങ്കൂറ്റത്തോടെ പറയുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

എന്‍റെ ഈശ്വരന്‍മാരെ സ്‌നേഹിച്ച്, ഞാന്‍ ഈ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കും. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിനായി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാർഥിച്ചിരിക്കും. അത് എല്ലാവരും ചെയ്യണം. ആരെയും ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ല നമ്മുടെ ഭക്തി.

ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്തെ അവസാനിപ്പിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.