ബംഗളൂരു: ആധ്യാത്മിക, ഭക്തിസാന്ദ്രമായ വിഡിയോകൾക്ക് അടിമപ്പെട്ട ഭർത്താവ് അക്കാരണത്താൽ സെക്‌സ് നിഷേധിക്കുന്നത് ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി. ഇക്കാരണത്താൽ വിവാഹത്തിനു ശേഷം ശാരീരികബന്ധം നിഷേധിക്കുന്നത് ഐപിസി സെക്ഷൻ 498 എ പ്രകാരം ക്രൂരതയല്ലെന്നും എന്നാൽ 1955 ലെ ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷൻ 12 (1) വകുപ്പ് പ്രകാരം ക്രൂരതയാണെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. യുവാവിനും കുടുംബത്തിനുമെതിരെ ഭാര്യ നൽകിയ കേസിന്റെ തുടർനടപടികൾ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
|
2019 ലാണ് യുവതിയും ഭർത്താവും വിവാഹിതരായത്. 28 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ചുതാമസിച്ചത്. ഭർത്താവ് എപ്പോഴും ആധ്യാത്മിക വിഡിയോകൾ കാണുകയാണെന്നും താനുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി അടുത്തവർഷം ഫെബ്രുവരിയിൽ യുവാവിനെതിരെ ഭാര്യ പരാതി നൽകി.
ശാരീരിക ബന്ധത്തിലേർപ്പെടുന്നതല്ല പ്രണയമെന്ന ഭർത്താവിന്റെ നിലപാട് തള്ളിയ കുടുംബ കോടതി വിവാഹബന്ധം റദ്ദാക്കി വിധി പുറപ്പെടുവിച്ചു. കൂടാതെ ഐപിസി സെക്ഷൻ 498 എ, സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 പ്രകാരം കുറ്റവും ചുമത്തി. ഇതിനെതിരെയാണ് ഭർത്താവും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഭർത്താവ് തയ്യാറാവാത്തത് ഹിന്ദു മാര്യേജ് ആക്ട് സെക്ഷൻ 12(1) (മ) പ്രകാരം ക്രൂരതയാണെന്നും എന്നാൽ ഐപിസി സെക്ഷനു കീഴിൽ ഇതുവരില്ലെന്നും കോടതി നിരീക്ഷിച്ചു.
Non-Consummation Of Marriage Not Cruelty Under Section 498A IPC HIGH COURT





