കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് പകുതി ജില്ലകളില്‍ പോളിങ് തുടങ്ങി. വടക്കന്‍ ജില്ലകളില്‍ ഇന്ന് കലാശക്കൊട്ടാണ്. ആവേശപ്പോരില്‍ വികസനവും അഴിമതിയുമൊക്കെ ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍, അവസാന നിമിഷങ്ങളില്‍ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ്.
|
എസ്ഡിപിഐ ഇതര മതസ്ഥരായ വനിതകളെ തട്ടമിട്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

”വിവേചനമില്ലാത്ത വികസനത്തിന് ചളിക്കവട്ടം 47-ാംഡിവിഷന്‍ SDPI സ്ഥാനാര്‍ത്ഥി നിമ്മി ഫെഡ്രികിനെ വിജയിപ്പിക്കുക” എന്നുള്ള വാചകങ്ങളും വനിതാ സ്ഥാനാര്‍ഥിയുടെ ചിത്രവും ”വിവേചനമില്ലാത്ത വികസനത്തിന് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് നെടുങ്ങാണത്ത്കുന്ന് 10-ാം വാര്‍ഡ് SDPI സ്ഥാനാര്‍ത്ഥി വേണി കൃഷ്ണയെ കണ്ണട അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക” എന്ന വാചകങ്ങളും വനിതാ സ്ഥാനാര്‍ഥിയുടെ ചിത്രവുമാണ് നല്‍കിയിട്ടുള്ളത്. രണ്ടു സ്ഥാനാര്‍ഥികളും തല മറച്ച് ഹിജാബ് ധരിച്ചിട്ടുണ്ട്. മതേതരത്വത്തിന്റെ പേരില്‍ ഹിന്ദു-ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും എസ്ഡിപിഐ പാനലില്‍ മത്സരിക്കണമെങ്കില്‍ തലയില്‍ തട്ടം ഇടണം എന്ന് പരിഹസിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ”മതേതരത്വം പൂത്തുലയാന്‍ തട്ടം നിര്‍ബന്ധാ..”
എന്നാല്‍ വസ്തുത ഇതാണ്:
ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെ വിശദാംശങ്ങളും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
കൊച്ചി ചളിക്കവട്ടം 40-ആം ഡിവിഷനാണ്, അല്ലാതെ പോസ്റ്ററില്‍ അവകാശപ്പെടുന്നതുപോലെ 47 അല്ല. 47-ആം ഡിവിഷന്‍ പൂണിത്തുറ ആണ്.

രണ്ടു ഡിവിഷനുകളിലും ആരാണ് സ്ഥാനാര്‍ഥികള്‍ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് തിരഞ്ഞപ്പോള്‍ നിമ്മി ഫെഡ്രിക് എന്നൊരു സ്ഥാനാര്‍ഥി മത്സരിക്കുന്നില്ല, മാത്രമല്ല എസ്ഡിപിഐക്ക് രണ്ടിടത്തും സ്ഥാനാര്‍ഥിയില്ല.
അതേപോലെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് നെടുങ്ങാണത്ത്കുന്ന് 10-ാം വാര്‍ഡില്‍ SDPIക്ക് വേണി കൃഷ്ണയെന്നൊരു സ്ഥാനാര്‍ത്ഥിയില്ല.

അവിടുത്തെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലുണ്ട്.
പ്രചരിക്കുന്ന സ്ഥാനാര്‍ഥികളുടെ പോസ്റ്ററിനെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസിയുമായി സംസാരിച്ചു. തെറ്റായ പ്രചരണമാണ് എസ്ഡിപിഐയുടെ പേരില്‍ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.


