ഉത്തരകൊറിയയിലെ ഏകാധിപത്യ ഭരണരീതി കുപ്രസിദ്ധമാണ്. അവയിലെ ഏറ്റവും പുതിയ വാർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്ന വധശിക്ഷ. ദക്ഷിണ കൊറിയൻ റാപ് കേട്ടതിനും സിനിമ കണ്ടതിനുമാണ് ഉത്തരകൊറിയയിൽ 22കാരനെ പരസ്യമായി വധശിക്ഷയ്ക്കു വിധേയനാക്കിയത്.
|
ദക്ഷിണ കൊറിയയിലെ ഏകീകരണ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഉത്തരകൊറിയൻ മനുഷ്യാവകാശ റിപോർട്ടിലാണ് ഈ കേസ് പ്രതിപാദിക്കുന്നത്. 2022ലാണ് യുവാവിനെ വധിച്ചത്. 70 ദക്ഷിണ കൊറിയൻ ഗാനങ്ങൾ കേട്ടു, 3 ദക്ഷിണ കൊറിയൻ സിനിമകൾ കണ്ടു, അവ വിതരണം ചെയ്തു എന്നീ കുറ്റം ചുമത്തിയായിരുന്നു വധശിക്ഷ നടപ്പാക്കിയതെന്നും റിപോർട്ടിൽ പറയുന്നു.
ഉത്തരകൊറിയയിൽ ദക്ഷിണ ഹവാൻഗീ പ്രവിശ്യയിൽ നിന്നുള്ള യുവാവിനെയാണ് 2020ലെ ഉത്തരകൊറിയൻ നിയമം അടിസ്ഥാനമാക്കി വധിച്ചത്. വധുക്കൾ വെള്ളവസ്ത്രം ധരിക്കുന്നത്, വരൻമാർ വധുക്കളെ എടുക്കുന്നത്, സൺഗ്ലാസുകൾ ധരിക്കുന്നത്, വൈൻ ഗ്ലാസിൽ നിന്ന് മദ്യം കഴിക്കുന്നത് തുടങ്ങിയവയെല്ലാം ദക്ഷിണ കൊറിയൻ ആചാരമാണെന്നും ഇവയൊന്നും ആവർത്തിക്കരുതെന്നും ഉത്തരകൊറിയയുടെ നിയമത്തിൽ പറയുന്നുണ്ടെന്ന് ദ ഗാർഡിയൻ റിപോർട്ട് ചെയ്തു.
ദക്ഷിണ കൊറിയൻ റാപ് വിലക്കിക്കൊണ്ട് മുൻ ഭരണാധികാരി കിം ജോങ് ഇൽ ആണ് ആദ്യം ഉത്തരവിറക്കിയത്. ഈ ഉത്തരവ് അദ്ദേഹത്തിന്റെ പുത്രനായ നിലവിലെ ഭരണാധികാരി കിം ജോങ് ഉൻ കൂടുതൽ കർക്കശമാക്കുകയുമാണുണ്ടായത്.


