ഗസയിലെ മാനുഷിക ദുരിതങ്ങളില്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന പ്രഖ്യാപനവുമായി നോര്‍വീജിയന്‍ ഫുട്ബോള്‍ ഫെഡറേഷന്. ഒക്ടോബര്‍ 11ന് ഇസ്രായേലിനെതിരേ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിന്നുള്ള മുഴുവന്‍ ലാഭവും ഗസയിലേക്ക് സംഭാവന ചെയ്യുമെന്ന് ഫെഡറേഷന് അറിയിച്ചു.
|
ഒക്ടോബര്‍ 11ന് ഓസ്ലോയിലാണ് നോര്‍വെയും ഇസ്രായേലും തമ്മിലുള്ള മത്സരം. ഈ മത്സരത്തിലെ ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന വരുമാനം ഗസയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് കൈമാറാനാണ് തീരുമാനം.
‘ഗസയിലെ സാധാരണ ജനങ്ങള്‍ ഏറെക്കാലമായി അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങളെയും ആക്രമണങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ഗസയിലെ ജീവനുകള്‍ രക്ഷിക്കുകയും അടിയന്തര സഹായം നല്‍കുകയും ചെയ്യുന്ന ഒരു മാനുഷിക സംഘടനയ്ക്ക് ഈ വരുമാനം നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു” -നോര്‍വീജിയന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ലിസ് ക്ലാവെനെസ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, നോര്‍വേയുടെ പ്രഖ്യാപനത്തിനെതിരെ ഇസ്രായേല്‍ ഫുട്ബോള്‍ അസോസിയേഷന് രംഗത്തെത്തി. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാനും നോര്‍വെ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഭാവന ചെയ്യുന്ന പണം തീവ്രവാദ സംഘടനകളിലേക്കോ തിമിംഗല വേട്ടയ്ക്കോ കൈമാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേല്‍ പ്രസ്താവനയില്‍ പരിഹസിച്ചു.
ഒക്ടോബര്‍ 11-ന് നടക്കുന്ന മത്സരത്തിന് കനത്ത സുരക്ഷയൊരുക്കുമെന്ന് നോര്‍വീജിയന്‍ ഫെഡറേഷന് അറിയിച്ചിട്ടുണ്ട്. യുവേഫയുമായും പ്രാദേശിക പൊലീസുമായും ചേര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സ്റ്റേഡിയത്തിലെ ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.


