ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണത്തിലെ കുരുക്കഴിക്കാന്‍ അന്വേഷണം സജീവമാക്കി പോലീസ്. മരിച്ച പ്രവാസിയുടെ വീട്ടില്‍ നിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന ആരോപണത്തില്‍ പ്രത്യേക അന്വേണ സംഘം കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനൊരുങ്ങുന്നു.
|
നേരത്തെ മൊഴി നല്‍കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം വ്യാപാരികളുടെ മൊഴിയെടുക്കാനെത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു വ്യാപാരിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.
മറ്റുള്ളവരുടെ മൊഴികളും ഉടന്‍തന്നെ ശേഖരിച്ചേക്കുമെന്നാണ് സൂചന. 4 കിലോയിലേറെ തൂക്കമുള്ള (596 പവന്‍) സ്വര്‍ണാഭരണങ്ങള്‍ ആരുടെ കയ്യില്‍ എത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരം കേസന്വേഷണത്തില്‍ നിര്‍ണായകമാകും.
പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയില്‍ എം.സി.അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14നു പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നുവെന്നു പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിട്ടുണ്ട്.
സ്വാഭാവിക മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ബന്ധുക്കളില്‍ നിന്ന് പല തവണയായി ഗഫൂര്‍ ഹാജി ശേഖരിച്ച 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തിയതോടെ ദുരൂഹത ഉയര്‍ന്നു.
മന്ത്രവാദത്തിലൂടെ സ്വര്‍ണം ഇരട്ടപ്പിക്കാനാകുമെന്ന് വിശ്വസിപ്പിച്ച് ഒരു യുവതിയും ഭര്‍ത്താവും സ്വര്‍ണം തട്ടിയെടുത്തുവെന്നാണ് ഗഫൂര്‍ ഹാജിയുടെ കുടുംബത്തിന്റെ ആരോപണം. തെളിവുകള്‍ ഉണ്ടായിട്ടും പൊലീസിന്റെ അന്വേഷണം അവരിലേക്ക് എത്തിയില്ലെന്നും ആരോപണമുണ്ട്.
എന്നാല്‍ മന്ത്രവാദ സംഘമെന്ന് ആരോപിക്കപ്പെട്ട യുവതിയെയും ഭര്‍ത്താവിനെയും പലതവണ ചോദ്യം ചെയ്തുവെന്നാണ് പൊലീസിന്റെ വിശദീകരണം. നുണപരിശോധനയ്ക്കായി യുവതിയുടെ ഭര്‍ത്താവ് തയ്യാറാണെന്നും കോടതി ഉത്തരവ് ലഭിക്കുന്നതനുസരിച്ച് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു.
പുതുതായി രൂപികരിച്ച അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ടു ഇതുവരെ നാല്‍പതോളം പേരെ ചോദ്യം ചെയ്തു എന്നാണറിയുന്നത്. 2023 ഏപ്രില്‍ 14ന് ശേഷം ഗള്‍ഫിലേക്കു കടന്ന ചിലരെ തിരികെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്.
മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന്റെ പിന്നിലും ദുര്‍മന്ത്രവാദം നടത്തുന്ന മാങ്ങാടിനടുത്തെ ഒരു യുവതിയും ഇവരുടെ പങ്കാളിയായ യുവാവിനെയും സംശയിക്കുന്നതായാണ് മകന്‍ നല്‍കിയ പരാതിയിലുള്ളത്.
ദുര്‍മന്ത്രവാദിനിയുടെ സഹായികളായ മധുര്‍, പൂച്ചക്കാട് സ്വദേശിനികളായ 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം കഴിഞ്ഞാഴ്ച ചോദ്യം ചെയ്തത്. കേസിന്റെ വഴിത്തിരിവിലേക്കു നീങ്ങുന്ന തരത്തിലുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്നു പൊലീസിനു കിട്ടിയിരുന്നു.
ബാങ്കിലെ അക്കൗണ്ട് വിവരങ്ങളിലുള്ള പണമിടപാടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു നല്‍കിയിരുന്നത്. ഇതേ തുടര്‍ന്നു അക്കൗണ്ടിലെ മുഴുവന്‍ വിവരങ്ങളും ബാങ്കില്‍ നിന്നു പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മന്ത്രവാദി സംഘത്തിലുള്ള ചിലരുടെ ഫോണിന്റെ ലൊക്കേഷന്‍ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതായി വിവരമുണ്ട്. ഇവരുടെ ഫോണുകളും പൊലീസ് പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്.
എന്നാല്‍ മകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ച ദമ്പതികളെ ഇതുവരെ പുതിയ സംഘം ചോദ്യം ചെയ്തില്ലെന്നറിയുന്നു. മറ്റുള്ളവരില്‍ നിന്നുമായി ഒട്ടേറെ തെളിവുകള്‍ ശേഖരിച്ച് ഇവരെ ചോദ്യം ചെയ്യാനാണ് സംഘം ആലോചിക്കുന്നത്. മരിച്ചയാളും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്‌സാപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തതായി അറിയുന്നു. മരിച്ച അബ്ദുല്‍ഗഫൂറില്‍ നിന്നു ആരോപണ വിധേയായ മന്ത്രവാദിനി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


