16
Apr 2023
Sun
16 Apr 2023 Sun

ഭുബനേശ്വര്‍: സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ 32കാരിയായ യുവതിയാണ് പരാതിക്കാരി. താന്‍ സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയിൽ 45കാരനായ പ്രതിക്കെതിരെ മുസ്‌ലിം സ്ത്രീ (വിവാഹാവകാശ സംരക്ഷണം) നിയമപ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി കേന്ദ്രപാറ സദര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സരോജ് കുമാര്‍ സാഹു പറഞ്ഞു.

തന്റെ കൈയിൽ നിന്ന് 1.5 ലക്ഷം രൂപ സൈബര്‍ തട്ടിപ്പിൽ നഷ്ടപ്പെട്ടെന്ന് ഫോണിലൂടെ അറിഞ്ഞതിനു പിന്നാലെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. 15 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായതെന്നും പ്രതി ഇപ്പോള്‍ ഗുജറാത്തിലാണെന്നും പൊലീസ് പറഞ്ഞു.

2017ൽ മുത്തലാഖ് സുപ്രിംകോടതി നിരോധിച്ചിരുന്നു. മുത്തലാഖ് ഖുര്‍ആനിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇസ്‌ലാമിക നിയമം ശരീഅത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. മുത്തലാഖ് ചൊല്ലുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക