ഇസ്താംബൂള്‍: ലോകത്തെ നടുക്കിയ തുര്‍ക്കി ഭൂകമ്പത്തില്‍ ആണവ നിലയം തകര്‍ന്നെന്ന തലത്തില്‍ നടക്കുന്ന പ്രചാരണം വ്യാജം. ആണവ നിലയം തകര്‍ന്നെന്ന തരത്തില്‍ വീഡിയോ അടക്കമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ 2020ല്‍ ലെബനോണിലെ പോര്‍ട്ട് ഓഫ് ബെയ്റൂത്തില്‍ നടന്ന സ്ഫോടനത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഈ സ്ഫോടനത്തില്‍ 200 പേര് മരിക്കുകയും ആയിരകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വൈറല്‍ ആയ ഈ വീഡിയോ പുറത്ത് വിട്ടത് ബ്രിട്ടീഷ് ന്യൂസ് പബ്ലിക്കേഷനായ സ്കൈ ന്യൂസിന്റെ യൂ ട്യൂബ് ചാനലാണ്.
നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അക്കായു ന്യുക്ലിയര്‍ പവര്‍പ്ലാന്റ് പൊട്ടിതെറിച്ചെന്നായിരുന്നു വ്യാജ പ്രചാരണം. തുര്‍ക്കിയിലെ ആണവ നിലയത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര അറ്റോമിക്ക് എന്‍ര്‍ജി ഏജന്‍സിയും വ്യക്തമാക്കി.
|
രണ്ട് ദിവസം മുമ്പാണ് തുര്‍ക്കി, സിറിയ എന്നിവടങ്ങളില്‍ ഭുകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ മരണം 8700 കടന്നു. തുര്‍ക്കിയില്‍ മാത്രം 6234 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സിറിയയില്‍ 2353 മൃതദേഹങ്ങളും കണ്ടെടുത്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
തുര്‍ക്കിയില്‍ 37,011 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിനു രക്ഷാപ്രവര്‍ത്തകര്‍ ഇരുരാജ്യങ്ങളിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. സിറിയയില്‍ കെട്ടിടത്തിന്റെ അടിയില്‍ നിന്ന് നവജാത ശിശുവിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തിരുന്നു.



