ഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന വിവാദ ബിബിസി ഡോക്യുമെന്ററി സോഷ്യല്‍ മീഡിയകളില്‍ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരായ ഹരജി സുപ്രീം കോടതി ഫെബ്രുവരി ആറിന് പരിഗണിക്കും.കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് അഭിഭാഷകനായ എം.എല്‍.ശര്‍മയാണ് ഹര്‍ജി നല്‍കിയത്.
|
ഐ.ടി ചട്ടപ്രകാരമാണ് സര്‍ക്കാര്‍ ഡോക്യുമെന്ററി വിലക്കിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. ജനുവരി 21 ന് പുറപ്പെടുവിച്ച ഡോക്യുമെന്ററി വിലക്കിയുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമാണ് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (2) പ്രകാരം ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് എങ്ങനെയാണ് സാധിക്കുക എന്നാണ് ഹര്‍ജിയില്‍ എം എല്‍ ശര്‍മ ചോദിക്കുന്നത്. ആര്‍ട്ടിക്കിള്‍ 352 പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കൂടാതെ കേന്ദ്ര സര്‍ക്കാരിന് അടിയന്തര വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തില്‍ തന്നെ മോദി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിബിസിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് കേന്ദ്ര മന്ത്രമാര്‍ അടക്കം ഉയര്‍ത്തിയത്. എന്നാല്‍, ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്നാണ് ബിബിസി വ്യക്തമാക്കിയത്.



