24
Apr 2025
Sat
24 Apr 2025 Sat
hajj 2025

ദുബൈ: പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രവാസി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടി. (One day to submit passport for verification; expatriate Hajj pilgrims worried) കേന്ദസര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ വെരിഫിക്കേഷനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറാണ് യാത്ര മുടക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര ഹജ്ജ് ക്വാട്ട വഴി അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ തീര്‍ഥാടകരും ഏപ്രില്‍ 18ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഏപ്രില്‍ 16നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

പ്രവാസികളായ തീര്‍ഥാടകര്‍ക്ക് അതത് ജില്ലാ ടൂറിസം ഓഫിസര്‍ (ഡി.ടി.ഒ) വഴി സര്‍ക്കുലര്‍ എത്തിയത് ഏപ്രില്‍ 17ന് വൈകിട്ടാണെന്ന് തീര്‍ഥാടകര്‍ പറയുന്നു. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ദിവസം പോലും സമയം ലഭിക്കാത്തതിനാല്‍ യാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ് പ്രവാസികളായ ഭൂരിഭാഗം തീര്‍ഥാടകരും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ട് അവിടെനിന്ന് മുംബൈയിലെ ഓഫിസിലേക്ക് അയച്ചാണ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ യാത്ര മുടങ്ങാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കുലറില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഹജ്ജ് യാത്രക്കായി പണമടച്ച തീര്‍ഥാകര്‍ക്ക് കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം വിസ അയച്ചുനല്‍കിയിരുന്നു. കൂടാതെ ഇവരുടെ യാത്ര തീയതികളും ഇതിനകം ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞു.

ഏപ്രില്‍ 25നകം പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ഡി.ടി.ഒമാര്‍ നല്‍കിയിരുന്ന നിര്‍ദേശം. ഇതനുസരിച്ച് നാട്ടിലേക്ക് വിമാന ടിക്കറ്റ് എടുത്തവര്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ സര്‍ക്കുലര്‍. പലരും 18നും 19നുമാണ് ടിക്കറ്റ് എടുത്തിട്ടുള്ളതെന്നും പ്രവാസികളായ ഹജ്ജ് അപേക്ഷകര്‍ പറഞ്ഞു.

പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം നീട്ടി ലഭിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളായ തീര്‍ഥാടകര്‍.