പെരിന്തല്‍മണ്ണ: പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് പണംതട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ചാനലായ മലയാളം ടെലിവിഷന്‍ തിരൂര്‍ ബ്യൂറോ ചീഫ് പാലക്കാനത്ത് മുഹമ്മദ് റാഫി (39), തിരൂര്‍ തെക്കന്‍ കുറ്റൂര്‍ തോട്ടുംപുറത്ത് അബ്ദുല്‍ ദില്‍ഷാദ് (40), ഇവരുടെ സഹായി അസം സ്വദേശി റതിബുര്‍ റഹ്‌മാന്‍ (23) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
|
ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുംബം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് സംഘം പണം തട്ടിയത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പൊലീസാണെന്ന് പറഞ്ഞ സംഘം ലഹരിവസ്തുക്കളുണ്ടോയെന്നും വീട് പരിശോധിക്കണമെന്നും പറഞ്ഞ് വീട്ടുടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി. വീഡിയോ എടുത്ത് പണം ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയുടെ സഹായത്തോടെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കണ്ടെത്തിയത്.
ചോദ്യംചെയ്യലില്‍ പ്രതികള്‍ മഞ്ചേരി, വല്ലപ്പുഴ എന്നിവിടങ്ങളിലും സമാനരീതിയില്‍ തട്ടിപ്പുനടത്തിയതായി തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ ചാനലിന്റെ സ്റ്റിക്കറുകള്‍ പതിച്ച സ്‌കോര്‍പിയോ കാറും കസ്റ്റഡിയിലെടുത്തു. സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എസ്ടിയു) സംസ്ഥാന സെക്രട്ടറിയും മുസ് ലിംലീഗ് പ്രവര്‍ത്തകനുമാണ് മുഹമ്മദ് റാഫി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





