25
Aug 2025
Sat
25 Aug 2025 Sat

കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കില്‍ നിന്ന് കണ്ടെടുത്ത സ്ത്രീയുടെ നഗ്ന മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേല്‍ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് അടിയിലേറെ താഴ്ചയുണ്ട് മാലിന്യടാങ്കിന്. എയര്‍ പൈപ്പ് വഴി ദുര്‍ഗന്ധം പുറത്തേക്ക് പരന്നതാണ് കൊലപാതകം പുറത്തറിയാന്‍ സഹായകമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാന്തയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പ്രതി മൃതദേഹം മാലിന്യടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകല്‍ സ്റ്റേഷനില്‍ വൈദികന്‍ പരാതി നല്‍കിയിരുന്നു.

വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവര്‍ 12 പവനോളം സ്വര്‍ണം ധരിച്ചിരുന്നുവെന്നാണ് കുടുംബം നല്‍കുന്ന വിവരം. വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് നിഗമനം. ശാന്തയുടെ ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം വെള്ളിയാഴ്ച തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വച്ച് ശനിയാഴ്ചയാണ് മൃതദേഹം ശാന്തയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

ആഗസ്ത് 18 മുതല്‍ ശാന്തയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ അന്നോ പിറ്റേന്നോ കൊലപാതകം നടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. ശാന്തയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍ കോളുകളുടെ പരിശോധനയിലാണ് രാജേഷിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെയും പെരുമ്പാവൂര്‍ എഎസ്പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ മൃതദേഹം നേര്യമംഗലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ശാന്തയുടെ മക്കള്‍: ബിജിത്ത്, ബിന്ദു, മരുമകള്‍: ഐശ്വര്യ.

ALSO READ: ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് വീട്ടിലെത്തിയതോടെ ചുരുളഴിഞ്ഞത് കൊലപാതകം