കണ്ണൂര്‍: ഓടുന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതിലിടിച്ച് വയോധികന്‍ മരിച്ചു. തളിപ്പറമ്പ് ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് നിര്‍ത്താതെ പോയ ബസ് പോലിസും നാട്ടുകാരും പിന്തുടര്‍ന്ന് പിടികൂടി.
|
പാല്‍ വാങ്ങാനാണ് രാജൻ വീട്ടിൽ നിന്നിറങ്ങിയത്. രാവിലെ 6.45ന് ദേശീയപാതയുടെ സര്‍വീസ് റോഡരികിലുടെ നടന്നുപോകുമ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ വാതില്‍ ഇടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷിജോയോട് നാട്ടുകാര്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് 2 കിലോമീറ്ററോളം പിന്തുടർന്നാണ് l ബസ് പിടികൂടിയത്. രാജനെ നാട്ടുകാര്‍ ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുറന്നുവച്ച വാതിലുമായി വീതികുറഞ്ഞ സര്‍വീസ് റോഡിലൂടെ ബസ് വേഗത്തില്‍ ഓടിച്ചു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കല്യാശ്ശേരി വീവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമാണ് രാജൻ.ഭാര്യ സുമതി. മക്കൾ: സജു, (ഗ്രാമീൺ ഇക്കോ ഷോപ്, ബക്കളം), സൂരജ്, പരേതയായ സുജ. മരുമകൾ ഷീമ. സഹോദരങ്ങൾ: ശ്രീധരൻ, ബാലൻ, വത്സലൻ, ചന്ദ്രൻ, തങ്കം.
മൃതദേഹം സംസ്ക്കരിച്ചു.
open door of the luggage carrier of a moving tourist bus hit; man dies in kannur


