27
May 2025
Thu
27 May 2025 Thu
Operation Sindoor all party meeting

ജയ്പുര്‍: ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. (Operation Sindoor: All party meeting discussion) ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ രാജ്നാഥ് സിങ് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. രാജ്‌നാഥ് സിങിന് പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഓപറേഷന്‍ സിന്ദൂരിന് തുടര്‍ച്ചയുണ്ടാവുമെന്ന് മന്ത്രി കിരണ്‍ റിജിജു സൂചന നല്‍കി. പാകിസ്താനിലെ കൂടുതല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്നലെ രാത്രിയും പാകിസ്താനിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടന്നതായി പാക് സൈന്യം സ്ഥിരീകരിച്ചു.

ALSO READ: ലാഹോറിൽ സ്‌ഫോടനങ്ങള്‍, അപകട സൈറണ്‍ മുഴങ്ങി; ജനങ്ങൾ ഇറങ്ങിയോടി| Video 

ഇന്ത്യയുടെ 12 ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയതായും പാകിസ്താന്‍ അവകാശപ്പെട്ടു. കറാച്ചി, ലാഹോര്‍ ഉള്‍പ്പെടെ ഒമ്പതിടങ്ങളിലാണ് ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണം നടന്നത്.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത
ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിക്കു പിന്നാലെ ജമ്മു കശ്മീരിനു പുറമെ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ഇരു സംസ്ഥാനങ്ങളിലും അവധിയില്‍ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് വിലക്കേര്‍പ്പെടുത്തി. അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിരിക്കുകയാണ്.

പാകിസ്താനുമായി 1,037 കിലോമീറ്റര്‍ അതിരു പങ്കിടുന്ന രാജസ്ഥാനിലെ അതിര്‍ത്തി മേഖല പൂര്‍ണമായും ബി.എസ്.എഫിന്റെ നിയന്ത്രണത്തിലാണ്. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ വെടിവെക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ജോധ്പുര്‍, കിഷന്‍ഘട്ട്, ബികാനിര്‍ വിമാനത്താവളങ്ങള്‍ മേയ് അടച്ചു. പശ്ചിമ മേഖല വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റുകളുടെ നിരീക്ഷണത്തിലാണ്. മിസൈല്‍ പ്രതിരോധ സംവിധാനവും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.

ഗംഗാനഗര്‍ മുതല്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് വരെയുള്ള മേഖലയില്‍ സുഖോയ് ജെറ്റ് വിമാനങ്ങള്‍ നിരീക്ഷണം ശക്തമാക്കി. ബികാനിര്‍, ശ്രീ ഗംഗാനഗര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ ജില്ലകളിലെ സ്‌കൂളുകള്‍ അടയ്ക്കുകയും പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു. പൊലീസിനു പുറമെ റെയില്‍വേ ജീവനക്കാരുടെ അവധിയും റദ്ദാക്കി. അവശ്യഘട്ടത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്.

ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ജയ്‌സാല്‍മീറിലും ജോധ്പുരിലും അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ നാലുവരെ ബ്ലാക്ക്ഔട്ടിന് ഉത്തരവിട്ടു. ഈ സമയത്ത് വീടുകളിലും മറ്റിടങ്ങളിലും ലൈറ്റുകള്‍ അണച്ചിടണം. ശത്രുവിമാനങ്ങളുടെ ലക്ഷ്യമാകുന്നതില്‍നിന്ന് ഒഴിവാകാനാണിത്. പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്. പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

മിസൈല്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എല്‍ഒസി) ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഷെല്‍ ആക്രമണമാണ് നടന്നത്. പാക്ക് ഷെല്‍ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.