25
May 2025
Wed
25 May 2025 Wed
Operation Sindoor Live Updates: Pahalgam Victim Ramachandran's daughter reacts

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ടെന്നും തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഇതിലൂടെ ഇന്ത്യ നല്‍കിയതെന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഇന്ത്യയുടെ തിരിച്ചടിയില്‍ എനിക്ക് അഭിമാനമുണ്ട്. ഇതുകൊണ്ട് ഞങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനാവില്ല. എങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. തീവ്രവാദികളെ സാധാരണ മനുഷ്യര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.. അത് ഞങ്ങള്‍ അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷമുണ്ട്. നിരപരാധികളെ ആക്രമിച്ചതിനാണ് ഈ മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ ഞങ്ങള്‍ക്കും അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിനെ കാണുന്നു. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. സൈനിക നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. പ്രധാനമന്ത്രിക്കും സൈന്യത്തിനും രാജ്യത്തിനും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു- ആരതി പ്രതികരിച്ചു.

നേരത്തെ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പാകിസ്താന്‍കാര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അഹ്മദ് ശരീഫ് ചൗധരി പറഞ്ഞു. 35 പേര്‍ക്ക് പരിക്കേറ്റു. രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആറിടങ്ങളില്‍ 24 ആക്രമണങ്ങള്‍ നടന്നതായി ചൗധരി പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലുള്ള ബഹല്‍പൂര്‍ സിറ്റിക്ക് സമീപം അഹ്മദ്പൂര്‍ ശര്‍ഖിയയിലാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ഇവിടെ ഒരു മസ്ജിദ് കോമ്പൗണ്ടിലാണ് മിസൈല്‍ പതിച്ചതെന്നും 3 വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും ചൗധരി അവകാശപ്പെട്ടു. എന്നാല്‍, ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

സിയാല്‍കോട്ടിന് സമീപമുള്ള മുര്‍ദികെ സിറ്റി, പഞ്ചാബ് പ്രവിശ്യയിലുള്ള ശകര്‍ഗഡ് എന്നിവിടങ്ങളിലാണ് മറ്റ് ആക്രമണങ്ങള്‍. പാക്കധീന കശ്മീരിലെ മുസാഫറാബാദ്, കോട്ടലി എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ നടന്നു.

Operation Sindoor Live Updates: Pahalgam Victim Ramachandran’s daughter reacts