തിരുവനന്തപുരം: 2 രൂപ ഇന്ധന സെസ് പിരിക്കാനുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പിൻവലിച്ചേക്കും. സെസ് ഏർപ്പെടുത്തിയതിനെതിരേ പ്രതിപക്ഷസംഘടനകൾ പ്രക്ഷോഭം കടുപ്പിക്കുകയും തീരുമാനത്തിനെതിരേ ഇടത് മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
|
വർധനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാരമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. പ്രശ്‌നങ്ങൾ സർക്കാർ പഠിക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നിലയിൽ എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഈ മാസം തുടങ്ങാനിരിക്കുകയാണ്. ജാഥ കേന്ദ്ര നയങ്ങൾക്കെതിരെയാണെങ്കിലും സംസ്ഥാന ബജറ്റ് വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം ജാഥയെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്കയുണ്ട്. ജനകീയ പ്രതിഷേധവും പ്രതിപക്ഷ സമരപ്രഖ്യാപനങ്ങളും എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നാണു വിവരം.
നികുതി നിർദേശങ്ങൾക്ക് അനുകൂലമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തക്കുറിപ്പ് ഇറക്കിയെങ്കിലും പാർട്ടിയിലാകെ ആ അഭിപ്രായമല്ല. ഇന്ധന സെസ് ജനങ്ങൾക്കു ഭാരമാണെന്നും സിപിഎമ്മുമായി ചർച്ച നടത്തണമെന്നുമുള്ള അഭിപ്രായത്തിനാണു മുൻതൂക്കം. വർധന പിൻവലിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണു നിറയുന്നത്. ന്യായീകരണത്തിനു സിപിഎം പ്രവർത്തകർ കാര്യമായി രംഗത്തിറങ്ങിയിട്ടുമില്ല. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇന്ധന സെസിനെ ന്യായീകരിക്കാൻ തയാറായില്ല.
സെസിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ‘കേരള നേതാക്കളോടു ചോദിക്കൂ’ എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിർദേശം. സെസ് ഏർപ്പെടുത്തുന്നതിനു മുൻപു തന്നെ കേരളത്തിലെ പെട്രോൾ വില തൊട്ടപ്പുറത്ത് കർണാടകയിലേതിനേക്കാൾ 6 രൂപ കൂടുതലാണ്; ഡീസൽ വില 9 രൂപയോളവും.



