കണ്ണൂര്‍: ഭാവിയില്‍ കെകെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവര്‍ വടകരയില്‍ പരാജയപ്പെട്ടതെന്നും മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം.
|
വടകരയിലെ ജനങ്ങള്‍ക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്നൊരു ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണെന്നും യോഗത്തില്‍ ജയരാജന്‍ തുറന്നടിച്ചു. എന്നാല്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചില്ല.
ഭൂരിപക്ഷ- ന്യൂനപക്ഷ- പിന്നാക്ക വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ചോര്‍ന്നെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരത്വ നിയമഭേദഗതിയില്‍ ഊന്നിയുളള പാര്‍ട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നുമാണു നിഗമനം. മുസ്‌ലിം ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനായി ആവിഷ്‌കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ടു പ്രയോജനം ഉണ്ടായതു കോണ്‍ഗ്രസിനാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഈ വിഭാഗത്തെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന തോന്നല്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം, ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിര്‍പ്പിനു കാരണമായെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും സമീപനവും മാറണമെന്ന് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരുന്ന സര്‍ക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.


