പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു മാസം തികയുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനോട് ശക്തമായ ആറ് ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. (Pahalgam attack: Congress questions central government) 28 ജീവനുകള്‍ നഷ്ടപ്പെട്ട് ഒരു മാസം തികഞ്ഞെന്നും മോദിയുടെ പിആര്‍ സര്‍ക്കസ് കൊണ്ടു മാത്രം പരാജയം മറച്ചുവയ്ക്കാനാവില്ലെന്നും കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ വ്യക്തമാക്കി.
|
ഒരു മാസം കഴിഞ്ഞിട്ടും എന്ത് കൊണ്ടാണ് ആ നാല് ഭീകരരെ പിടിക്കാന്‍ കഴിയാത്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. പാകിസ്താനാണ് ഭീകരാക്രണത്തിന്റെ പിന്നിലെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ പേരില്‍ പാകിസ്താനെതിരേ നിരവധി ആക്രമണം നടത്തുകയും ചെയ്തു. എന്നാല്‍, ആക്രമണം നടത്തിയ നാലുപേരെ ഇനിയും പിടിക്കാന്‍ സാധിച്ചിട്ടില്ല.
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ അപായപ്പെടുത്തിയോ എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി. ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് ജയ്ശങ്കര്‍ പാകിസ്താന് മുന്‍കൂട്ടി വിവരം നല്‍കിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
ALSO READ: വേടന്റെ പഴയ പാട്ടുകള്‍ അരിച്ചുപെറുക്കി ബിജെപി; എന്‍ഐഎക്ക് പരാതി
വിഷയത്തില്‍ ജയ്ശങ്കര്‍ പുലര്‍ത്തിയ നിശ്ശബ്ദയെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തേ ചോദ്യം ചെയ്തിരുന്നു. പാകിസ്താന് മൂന്‍കൂട്ടി വിവരം ലഭിച്ചത് കൊണ്ടാണ് ഇന്ത്യയുടെ വിമാനങ്ങള്‍ നഷ്ടപ്പെട്ടതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
വെടിനിര്‍ത്താനുള്ള ട്രമ്പിന്റെ സമ്മര്‍ദ്ദത്തിന് എന്ത് കൊണ്ട് നരേന്ദ്ര മോദി വഴങ്ങിയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി. ഇന്ത്യയും പാകിസ്താനും തമ്മില്‍ നാല് ദിവസം തുടര്‍ച്ചയായി അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ ഔദ്യോഗികമായി ഇരു രാജ്യങ്ങളും പ്രഖ്യാപിക്കും മുമ്പ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.
എന്ത് കൊണ്ടാണ് മോദി ഇക്കാര്യത്തില്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഉത്തരങ്ങള്‍ വേണം. സുതാര്യതയാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും അല്ലാതെ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങളല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് കഴിഞ്ഞ 11 ദിവസത്തിനിടെ എട്ട് തവണ ട്രമ്പ് അവകാശപ്പെട്ടതായി കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് ജയ്‌റാം രമേഷ് ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള വ്യാപാരമാണ് ഇരുരാജ്യങ്ങളെയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉപയോഗിച്ച തുരുപ്പ് ചീട്ടെന്നും ട്രമ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാന്‍ മോദിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ജയ്‌റാം രമേഷ് പറഞ്ഞു.





