(Palakkad Murder case ) പാലക്കാട്: പാലക്കാട് യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കില്‍മട സ്വദേശിയായ യുവാവു വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
|
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഇന്നലെ രാത്രി ഈ യുവതിയാണു പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചത്.
ഭര്‍ത്താവ് സന്തോഷിനെ മര്‍ദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പേള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്നു ഡോക്ടര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ട്. മൃതദേഹത്തിനു സമീപത്ത് ടിവി കേബിളും കണ്ടെത്തി. സന്തോഷും ആറുച്ചാമിയും തമ്മിലുണ്ടായ ഏറെ നേരത്തെ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.
യുവതിയുടെ ഭര്‍ത്താവ് മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. ചിറ്റൂര്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
English News Summary
Murder case: Kozhinjampara murder victim Santhosh (42) was found dead at his home, with police apprehending Aruchamy, the husband of Santhosh’s girlfriend


