കൃത്യം 34 വര്‍ഷം മുമ്പ്, 1991 ഡിസംബര്‍ 15-ന്, പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നടന്ന പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. പാലക്കാട് പട്ടണത്തിലൂടെയുള്ളൊരു യാത്രയും അതിനെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും തുടര്‍ച്ചയായിട്ടാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആ പാവം പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിച്ച പോലിസ് വെടിവയ്പ് ഉണ്ടായത്.
|
പുതുപ്പള്ളി തെരുവില്‍ സിറാജുന്നീസ എന്ന പേര് വെറുതെയെങ്കിലും ഉച്ചരിക്കുന്നത് മറവിക്കെതിരായ ഓര്‍മയുടെ പ്രതിരോധമാണ്. അവളുടേതായി ഇപ്പോള്‍ അവിടൊന്നും അവശേഷിക്കുന്നില്ല. അവള്‍ ജനിച്ചു വളര്‍ന്ന വീട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊളിച്ചു മാറ്റപ്പെട്ടു. അവിടെ ഒരു ബദല്‍ കെട്ടിടമുയര്‍ന്നു. അവള്‍ ഓടിക്കളിച്ച മുറ്റവും മുന്നിലെ വഴിത്താരകളും ഒക്കെ ഇന്ന് മറ്റാരുടെയൊക്കെയോ ആണ്.
അസുഖകരമായ ഓര്‍മകളെ സൗകര്യപൂര്‍വ്വം മറവിയുടെ കുടത്തില്‍ അടച്ചു സൂക്ഷിക്കുന്ന തെരുവ് നിവാസികള്‍ ആ പേര് കേട്ടാല്‍ കൈമലര്‍ത്തും. മകള്‍ കൊല്ലപ്പെട്ട് അധികം വൈകാതെ അമ്മ നഫീസ മരിച്ചിരുന്നു. പിതാവ് മുസ്തഫ പാലക്കാട് നഗരത്തിന്റെ മറ്റൊരു കോണില്‍ ചെറിയ കൈത്തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നു. സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി വേറെ ദേശാന്തരങ്ങളില്‍ എത്തി. സഹോദരന്മാര്‍ നസീറും അബ്ദുല്‍ സത്താറും ഉപജീവനം തേടി എന്നേ പുതുപ്പള്ളി തെരുവ് വിട്ടു.

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ നിന്നും കഷ്ടി ഒരു കിലോമീറ്റര്‍ മാത്രമേയുള്ളൂ പുതുപ്പള്ളി തെരുവിലേക്ക്. മുരളീ മനോഹര്‍ ജോഷിയെന്ന വിദ്വേഷ പ്രചാരകന്‍ ധ്രുവീകരണ രാഷ്ട്രീയവുമായെത്തി കലാപം വിതച്ച് കടന്നു പോയ വഴിയിലാണ് ആ കുരുന്നു ബാല്യം പിടഞ്ഞൊടുങ്ങിയത്. വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സിറാജുന്നിസയുടെ ചെവിയിലൂടെ തുളച്ചു കയറി തലയോട്ടി പിളര്‍ന്ന കേരള പോലിസിന്റെ ആ വെടിയുണ്ട നീതി നിഷേധിക്കപ്പെ ഒരു സമുദായത്തിന്റെ ഇടനെഞ്ചിലാണ് ഇപ്പോഴും തറച്ചു നില്‍ക്കുന്നത്.
മുസ്ലിംകളുടെ മൃതദേഹം കാണണമെന്നാക്രോശിച്ച് പുതുപ്പള്ളിത്തെരുവില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടു എന്ന ആരോപണം പേറുന്ന രമണ്‍ ശ്രീവാസ്തവ പതിറ്റാണ്ടുകളോളം ഡിജിപിയും പിന്നീട് മുഖ്യമന്ത്രിയുടെ ഉപദേശതനുമായി. നീതി മാത്രം ഇനിയും ലഭ്യമായിട്ടില്ല.
1991 ഡിസംബര്‍ 15ന് വൈകീട്ട് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നടന്ന ഏകപക്ഷീയമായ പൊലിസ് വെടിവയ്പ്പിലാണ് സിറാജുന്നിസ ദാരുണമായി കൊല്ലപ്പെട്ടത്. ബാബരിയുമായി ബന്ധപ്പെട്ട് ഏറെ കലുഷമായ നാളുകളായിരുന്നു അത്. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷി മുസ്ലിംകള്‍ക്കെതിരായ പ്രകോപന പ്രചാരണങ്ങളുമായി കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഏകതാ യാത്ര പാലക്കാട് ജില്ലയിലൂടെ കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തു. സംഘപരിവാരം ഉയര്‍ത്തിവിട്ട മുസ്ലിം വിദ്വേഷം ജോഷിയുടെ യാത്ര എത്തിയ വഴികളിലെല്ലാം സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.
വയര്‍ലസിലൂടെ കൊലവിളി
പാലക്കാട് സംഘര്‍ഷം നിലനില്‍ക്കുന്ന പല പ്രദേശങ്ങളിലും പോലിസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടന്നു. എന്നാല്‍, പുതുപ്പള്ളിത്തെരുവിലെ സാഹചര്യങ്ങള്‍ ശാന്തവും നിയന്ത്രണവിധേയമായിരുന്നു. സിറാജുന്നിസയും സഹോദരിയും അയല്‍വാസി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെയാണ് പോലിസ് വെടിയുതിര്‍ത്തത്. ‘എനിക്ക് മുസ്ലിം തെമ്മാടികളുടെ മൃതദേഹങ്ങള്‍ വേണം'(I want the dead bodies of Muslim bastards) എന്ന് ആക്രോശിച്ചുകൊണ്ടാണ് വെടിവയ്ക്കാനുത്തരവിട്ടതെന്ന ആരോപണം നിലനില്‍ക്കുന്നു.
ഈ സമയം പാലക്കാട് കലക്ടറേറ്റില്‍ മന്ത്രി ടിഎം ജേക്കബിന്റെ അധ്യക്ഷതയില്‍ ഒരു അവലോകന യോഗം നടക്കുകയായിരുന്നു. കലക്ടര്‍മാര്‍ക്ക് പോലീസ് വയര്‍ലസ് അന്നുണ്ടായിരുന്നു. വെടിവയ്ക്കാനുള്ള ആക്രോശം വയര്‍ലസിലൂടെ കേട്ട മന്ത്രി കലക്ടറോട് വയര്‍ലസ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
വയര്‍ലസിലൂടെ മുഴങ്ങിക്കേട്ട ആക്രോശത്തിന് കെ.ഇ ഇസ്മായില്‍, വിസി കബീര്‍, കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ സാക്ഷികളായിരുന്നു. എന്നാല്‍,ആരും എവിടെയും സാക്ഷി പറഞ്ഞില്ല. കൊളക്കാടന്‍ മൂസ ഹാജി സുപ്രിംകോടതി വരെ കേസ് നടത്തിയെങ്കിലും ഫലമുണ്ടായതുമില്ല. ഇല്ലാത്ത ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ചീളുകളായി തെറിച്ച വെടിയുണ്ടയാണ് സിറാജുന്നീസയുടെ തലയില്‍ കൊണ്ടതെന്നാണ് ജസ്റ്റിസ് യോഹന്നാന്‍ കമ്മീഷനും ‘കണ്ടെത്തി’യത്.
സിറാജുന്നിസയെ എല്ലാവരും മറന്നു
ആ റിപ്പോര്‍ട്ടിനെതിരെ നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തിയ ഇന്നത്തെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മുന്‍ മന്ത്രി കെ.ഇ ഇസ്മായിലും അവരുടെ പാര്‍ടികളുമൊക്കെ ക്രമേണ സിറാജുന്നിസയെ മറന്നു. പുതുപ്പള്ളിത്തെരുവില്‍ നിന്ന് ആയുധങ്ങളുമായി നൂറണി ഗ്രാമത്തിലേക്ക് 300ഓളം വരുന്ന മുസ്ലിം കലാപകാരികള്‍ പുറപ്പെട്ടുവെന്നും അക്കൂട്ടത്തില്‍ സിറാജുന്നിസയുമുണ്ടായിരുന്നു എന്നുമാണ് പിന്നീട് പോലിസ് എഫ്ഐആറില്‍ എഴുതിച്ചേര്‍ത്തത്.
പോലിസിന്റെ മുസ്ലിംവിരുദ്ധത തുറന്നുകാട്ടുന്നതായിരുന്നു പുതുപ്പള്ളിത്തെരുവിലെ ഓരോ നീക്കങ്ങളും. ചോരയില്‍ കുതിര്‍ന്നു പിടഞ്ഞ സിറാജുന്നിസയെ ആശുപത്രിയിലെത്തിക്കാന്‍ശ്രമിച്ച ആളുകളെയൊക്കെയും പോലിസ് തടഞ്ഞു. അവരെയൊക്കെ പിന്നീട് കലാപകാരികളായി മുദ്ര കുത്തുകയും ചെയ്തു.
വെടിവയ്പ്പില്‍ പ്രധാന ആരോപണ വിധേയനായ, പിന്നീട് സംസ്ഥാന പോലിസ് മേധാവിയായിരുന്ന ശ്രീവാസ്തവ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ഔദ്യോഗിക ജീലിത കാലയളവ് പിന്നിട്ടും കേരളത്തിലെ രാഷ്ട്രീയ പ്രമാണിമാര്‍ ശ്രീവാസ്തവ കൈവിട്ടില്ല. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവാണ് ഇദ്ദേഹം. ചീഫ് സെക്രട്ടറിയുടെ പദവിയുമുണ്ട്.
ദുരന്തത്തിന്റെ 34ആം വാര്‍ഷികത്തില്‍ സിറാജുന്നീസ വലിയൊരു മറവിയാണ്. അവളുടെ ദുരന്തം വോട്ടാക്കിയവര്‍ ഇന്ന് ആ പേര് ഉച്ചരിക്കുന്നില്ല. മതസമുദായ ശക്തികളേയും കാണാനില്ല. സ്വാഭാവികമായും മാധ്യമങ്ങളും അവളെ മറന്നിരിക്കുന്നു. സ്ത്രീ സംഘടനകളും സ്ത്രീ വിമോചനക്കാരും ഇങ്ങനെ ഒരു പേര് കേട്ടിട്ടേയില്ല. മനുഷ്യാവകാശ സംരക്ഷകരുടെ പട്ടികയിലും സിറാജുന്നീസ ഇല്ല.


