പാലക്കാട് തൂതയില്‍ പുഴയില്‍ കുളിക്കാനായി പോയ 15കാരിയെ കാണാതെ വന്നതോടെ കൂട്ടത്തിരച്ചിലുമായി ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും. രാത്രിയിലെ തിരച്ചിലില്‍ ഫലം കാണാതെ വന്നതോടെ ദൗത്യം പിറ്റേദിവസത്തേക്ക് മാറ്റിവച്ച് സംഘം പിരിഞ്ഞതോടെ പുലര്‍ച്ചെ കാണാതായ പെണ്‍കുട്ടിയുടെ അജ്ഞാത ഫോണ്‍കോള്‍ പിതാവിനു ലഭിച്ചു. ഇതോടെ തിരച്ചിലിന്റെ റൂട്ട് മാറുകയും മണിക്കൂറുകള്‍ക്കു ശേഷം കുട്ടിയെ മലപ്പുറം പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റില്‍ നിന്നു കണ്ടെത്തുകയും ചെയ്തു.
|
തൂത സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് വീടിനു സമീപത്തെ തൂതപ്പുഴയില്‍ കുളിക്കാനായി പോയത്. ഏറെ വൈകിയും കാണാതെ വന്നതോടെ വീട്ടുകാര്‍ തിരഞ്ഞെത്തിയപ്പോള്‍ വെട്ടിച്ചുരുക്ക് കുണ്ടുകടവില്‍ കുട്ടിയുടെ വസ്ത്രങ്ങളും ബക്കറ്റും കണ്ടെത്തി. ഇതോടെ കുട്ടി പുഴയില്‍ അപകടത്തില്‍ പെട്ടിരിക്കാമെന്ന സംശയമായി.പെരിന്തല്‍മണ്ണയില്‍നിന്ന് മുങ്ങല്‍ വിദഗ്ധരുള്‍പ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുള്‍പ്പെട്ട സംഘം രാത്രി വൈകുവോളം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ വീണ്ടും തിരയാമെന്ന് തീരുമാനിച്ചാണ് സംഘം പിരിഞ്ഞത്.
ഇതിനിടെ പുലര്‍ച്ചെ മൂന്നോടെ പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വരികയും കുട്ടിയെ കണ്ടെത്തിയോ എന്നു ചോദിക്കുകയും ചെയ്തു. കാണാതായ പെണ്‍കുട്ടിയായിരുന്നു അങ്ങേത്തലയ്ക്കല്‍ എന്നു മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ കോള്‍ കട്ടായി. കോള്‍ വന്ന നമ്പര്‍ തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെ കടയിലേതാണെന്ന് വ്യക്തമായതോടെ അന്വേഷണം ആ വഴിക്കായി.
ഇതിനിടെ ബുധനാഴ്ച രാവിലെ പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി കാണാതായ കുട്ടിയാണിതെന്ന് ഉറപ്പിച്ചു. പിന്നീട് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് വൈദ്യപരിശോധനയ്ക്കു ശേഷം രക്ഷിതാക്കളോടൊപ്പം വിടുകയും ചെയ്തു. പുഴയിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ കുട്ടി തൂത ടൗണിലെ കടയില്‍നിന്ന് പുതിയ വസ്ത്രം വാങ്ങി ധരിച്ചിരുന്നുവെന്നും പിന്നീട് തൃശൂര്‍ ബസ് സ്റ്റാന്ഡിലെത്തുകയുമായിരുന്നു. ഇവിടെ നിന്ന് വീട്ടിലേക്ക് ഫോണ്‍ വിളിച്ച ശേഷം കണ്ണൂര്‍ ബസ്സില്‍ കയറി കോഴിക്കോട്ടിറങ്ങുകയും അവിടെനിന്ന്് പെരിന്തല്‍മണ്ണയിലേക്ക് വരികയുമായിരുന്നുവെന്നും വ്യക്തമായി.


