പാലക്കാട്: വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളി ആര്‍എസ്എസുകാരുടെ മര്‍ദനത്തിനിരയായ കൊല്ലപ്പെട്ട അതേ ദിവസം പാലക്കാട് എലപ്പുള്ളിയില്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. തേനാരിയില്‍ ഒകരംപള്ളത്താണ് സംഭവമുണ്ടായത്. ഒകരംപള്ളം സ്വദേശി വിപിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഒകരംപളളം സ്വദേശികളായ ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായി. നിരവധി കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ ശ്രീകേഷും ഗിരീഷും.
|
ഡിസംബര്‍ ഒമ്പതിന് ശ്രീകേഷിന്റെ വീട്ടില്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ വിപിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദനം. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് വിപിനെ മര്‍ദിച്ചത്. വടി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. ശ്രീകേഷിനെയും ഗിരീഷിനെയും ഒരു സ്ത്രീ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
മര്‍ദനമേറ്റ വിപിന്‍ ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.


