23
Nov 2025
Sun
23 Nov 2025 Sun
palathayi sexual abuse case

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രന്‍. പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് ഹരീന്ദ്രന്‍ ആരോപിച്ചു. ഉസ്താദുമാര്‍ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ ലീഗോ എസ്.ഡി.പി.ഐയോ ഇടപെടാറുണ്ടോ എന്നും ഹരീന്ദ്രന്‍ ചോദിച്ചു. ആര്‍.എസ്.എസ് നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഇക്കാലമത്രയും സി.പി.എമ്മാണ് കേസ് നടത്തിയത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെണ്‍കുട്ടിക്ക് എന്തെങ്കിലും സഹായം നല്‍കുക എന്നതായിരുന്നില്ല ഇവരുടെ ലക്ഷ്യം. ഈ കേസിനെ സി.പി.എമ്മിന് എതിരായായി തിരിച്ചുവിടാനാണ് അന്നും ഇന്നും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.’ പി. ഹരീന്ദ്രന്‍ പറഞ്ഞു.

‘പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോടുള്ള സഹതാപമായിരുന്നുവെങ്കില്‍ ഈ കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്. ഏത് ഉസ്താദുമാര്‍ പീഡിപ്പിച്ച കേസാണ് ഇത്രയും വിവാദമായത്. ആ കേസിന് എന്ത് സംഭവിച്ചു എന്ന് ആരും നോക്കാറില്ല, അതിന്റെ പേരില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. ഇത് വര്‍ഗീയതാണ്’. പി.ഹരീന്ദ്രന്‍ പറഞ്ഞു.

ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ അധ്യാപകനായ ആര്‍.എസ്.എസ് നേതാവും ബി.ജെ.പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ. പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്‍. നേരത്തെ പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷിച്ച പത്മരാജനെ ന്യായീകരിച്ചും പിന്തുണച്ചും ബി.ജെ.പി- സംഘ്പരിവാര്‍ സംഘടനയില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിരപരാധിയായ പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉന്നത നീതിപീഠം ഉറപ്പുവരുത്തുമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.