17
Dec 2024
Mon
17 Dec 2024 Mon

ഒരു വര്‍ഷത്തിലേറെയായി ഇസ്രായേലിന്റെ ക്രൂരമായി ആക്രമണത്തിനും ഉപരോധത്തിനും കീഴില്‍ ഞെരിഞ്ഞമരുന്ന ഗസാ തുരുത്ത് കൊടും പട്ടിണിയുടെ പിടിയില്‍. (Palestinians asking hungry children in Gaza not to play) ഇനിയും അന്താരാഷ്ട്ര സമൂഹം നോക്കിനിന്നാല്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ഗസാ നിവാസികള്‍ പട്ടിണി മൂലം മരിക്കും. അധിനിവിഷ്ട ഫലസ്തീനിലെ ഓക്‌സ്ഫാംസ് പോളിസിക്ക് നേതൃത്വം നല്‍കുന്ന ബുഷ്‌റ ഖാലിദ് ആണ് ഗസയിലെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധിനിവിഷ്ട ഫലസ്തീനിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇസ്രായേലിനുണ്ടെന്ന് അവര്‍ പറഞ്ഞു. ”ഗസയെന്ന ജയിലിനു പുറത്ത് ഭക്ഷ്യ വസ്തുക്കള്‍ എറിഞ്ഞു കൊടുത്തത് കൊണ്ടു മാത്രം കാര്യമില്ല. ഗസയിലേക്കുള്ള എല്ലാ വഴികളും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി തുറന്നു കൊടുക്കുക എന്നതാണ് ഇസ്രായേലിന്റെ ഉത്തരവാദിത്തം”- അവര്‍ പറഞ്ഞു.

Gaza starvation1

”14 മാസത്തെ തുടര്‍ച്ചയായ ബോംബിങും പട്ടിണിയും കാരണം ഗസയിലെ സ്ഥിതി ഇപ്പോള്‍ അതീവ ഭയാനകമാണ്. കുടുംബങ്ങള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ക്കു വേണ്ടി ചവറ്റുകൂനകളില്‍ തിക്കിത്തിരക്കുന്നു. ചിലര്‍ ജീവന്‍ നിലനിര്‍ത്താന്‍ പച്ചിലകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുന്നു. മക്കള്‍ക്ക് ഭക്ഷണം കിട്ടിയെന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കള്‍ ദിവസങ്ങളോളം പട്ടിണി കിടക്കുകയാണ്. ഗസ മുഴുവന്‍ മുഴുപ്പട്ടിണിയുടെ വക്കിലാണ്. വടക്കന്‍ ഗസയില്‍ പല പ്രദേശങ്ങളിലും ഇപ്പോള്‍ തന്നെ ഭക്ഷണം തീര്‍ന്നിട്ടുണ്ട്”- ബുഷ്‌റ ഖാലിദ് പറഞ്ഞു.

Gaza starvation

”ചിലര്‍ മക്കളോട് കളിക്കാന്‍ പോകരുതെന്ന് അപേക്ഷിക്കുകയാണ്. ദിവസങ്ങളായി കൃത്യമായി ഭക്ഷണം കിട്ടാത്തതിനാല്‍ അവര്‍ തളര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ഈ മുന്‍കരുതല്‍. ദുരന്തങ്ങളും മരണവും തീമഴയായി പെയ്യുമ്പോള്‍ ഒരല്‍പ്പം ആശ്വാസത്തിനായി കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോകുന്ന അഞ്ചു വയസ്സുകാരനോട് അരുതെന്ന് പറയുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ”- അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബുഷ്‌റ ഖാലിദ് വിവരിച്ചു.