24
Apr 2026
Fri
24 Apr 2026 Fri
sadik ali thangal

കാഞ്ഞങ്ങാട്: പ്രയാസപ്പെടുന്നവര്‍ക്ക് ജാതി-മത വ്യത്യാസമില്ലാതെ അത്താണിയാവുന്നു പാണക്കാട് കുടുംബം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. അമ്മാവന്റെ മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ ആശുപത്രിച്ചെലവ് 72 ലക്ഷം രൂപയാകുമെന്ന് പറഞ്ഞ് വേവലാതിപ്പെട്ട ആനന്ദ് കൃഷ്ണനോട് സുഹൃത്തുക്കളായ അബുവും ഇര്‍ഷാദുമാണ് പറഞ്ഞത് പാണക്കാട് തങ്ങളെ കണ്ടാല്‍ സഹായിക്കാതിരിക്കില്ലെന്ന്. അന്നുതന്നെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയെയും എം.കെ.എം.അഷറഫ് എം.എല്‍.എ.യെയും കാഞ്ഞങ്ങാട്ടെ ബഷീര്‍ വെള്ളിക്കോത്തിനെയും ബദറുദ്ദീനെയും കണ്ട് കത്തും വാങ്ങി ആനന്ദ് കൃഷ്ണന്‍ പാണക്കാട്ടേക്ക് പുറപ്പെട്ടു. സുഹൃത്തുക്കളായ ധനേഷ് ഉണ്ണിയും അനുരാജും ഒപ്പമുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അവിടെയെത്തുമ്പോള്‍ പുലര്‍ച്ചെ ഒന്നരമണിയായിരുന്നു. ഉറക്കമിളച്ചിരുന്ന് നേരം വെളുപ്പിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എവിടേക്കോ പോകാനൊരുങ്ങുകയാണ്. ഇതിനിടെ കാര്യങ്ങള്‍ അവതരിപ്പിച്ചു. തങ്ങള്‍ ഷാര്‍ജയിലെ ബുര്‍ജീല്‍ ആസ്പത്രി മാനേജരെയും കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ നേതാക്കളെയും വിളിച്ചു. ആകെ ആറുകോള്‍. ആ കോളുകളില്‍ ആശുപത്രി ബില്ല് 10 ലക്ഷം രൂപയായി കുറഞ്ഞു.

‘ഈ വലിയ മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍…’ തങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആനന്ദിന്റെ കണ്ണ് നിറയുന്നു.

കഴിഞ്ഞദിവസം ഷാര്‍ജയില്‍ മരിച്ച കാഞ്ഞങ്ങാട് അത്തിക്കോത്തെ എ.വേണുഗോപാല(58)ന്റെ സഹോദരി ഓമനയുടെ മകനാണ് ആനന്ദ് കൃഷ്ണന്‍. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്നു. പ്രവാസജീവിതം മതിയാക്കി അടുത്തിടെയാണ് നാട്ടില്‍ വന്നത്. ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ കഴിഞ്ഞമാസം വീണ്ടും ഷാര്‍ജയിലേക്ക് പോയി.

പ്രമേഹരോഗബാധിതനായിരുന്ന വേണുഗോപാലന്‍ മാര്‍ച്ച് 17-ന് ഇന്‍സുലിന്‍ വാങ്ങാന്‍ പോകവേ കുഴഞ്ഞു വീഴുകയായിരു്ന്നു. ഉടന്‍ ഷാര്‍ജയിലെ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഹൃദയാഘാതവുമുണ്ടായി. ഏപ്രില്‍ 18-ന് മരിച്ചു.

മൃതദേഹം വിട്ടുനല്‍കാന്‍ ഒരുമാസത്തെ ചികിത്സച്ചെലവായ 72 ലക്ഷം രൂപ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. വേണുഗോപാലന്റെ അവിടത്തെ സുഹൃത്തുക്കള്‍ നാരായണനും ചന്ദ്രനും നാട്ടില്‍ വിവരമറിയിച്ചു. ബന്ധുക്കള്‍ ഇവിടത്തെ രാഷ്ട്രീയനേതാക്കളെയെല്ലാം കണ്ട് അഭ്യര്‍ഥിച്ചെങ്കിലും എല്ലാവരും കൈമലര്‍ത്തി.

അതേസമയം, വേണുഗോപാലന്റെ ഭാര്യയെയും മക്കളെയും വിവരമറിയിക്കാതെ, പരക്കം പായുകയായിരുന്നു കുടുംബാംഗങ്ങള്‍. തുക 10 ലക്ഷമായെന്നറിഞ്ഞതോടെ ഷാര്‍ജയിലെ പ്രവാസി സംഘടനകളെല്ലാം ചേര്‍ന്ന് അത് സംഘടിപ്പിച്ചു. മൃതദേഹം എംബാം ചെയ്യാനുള്ള പണവും അവര്‍തന്നെ അടച്ചു. വെള്ളിയാഴ്ച രാവിലെ മൃതദേഹം നാട്ടിലെത്തും.

പരേതനായ ചെറൂഞ്ഞിയുടെയും മുത്താണിയമ്മയുടെയും മകനാണ് വേണുഗോപാലന്‍. ഭാര്യ: രാധിക. മക്കള്‍: അശ്വിന്‍, അക്ഷയ്. സഹോദരങ്ങള്‍: നാരായണി, ശശിധരന്‍, രോഹിണി, ചന്ദ്രന്‍, ഓമന, സുകുമാരന്‍, ശോഭ.