
കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് കുഞ്ഞുമറിയുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെ ഇന്നലെ കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു.തുടര്‍ന്ന് യുവതി ഡല്‍ഹിയിലേക്ക് മടങ്ങി.
![]() |
|
ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ യുവതിയെ അപ്പോള്‍ തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഡല്‍ഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കൊണ്ടുവിട്ടത്.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘമാണ് ഡല്‍ഹിയില്‍ നിന്ന് യുവതിയെ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 8.30നു വിമാനമാര്‍ഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണു പൊലീസ് ഡല്‍ഹിയില്‍ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഡല്‍ഹിയില്‍ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതി. താന്‍ കുടുക്കില്‍പെട്ടിരിക്കുകയാണെന്നും തന്നെ കാണാനില്ലെന്ന പരാതി പിന്‍വലിക്കണമെന്നും ബുധനാഴ്ച അമ്മയെ വാട്‌സാപ് കോള്‍ വിളിച്ച് യുവതി ആവശ്യപ്പെട്ടിരുന്നു. പരാതി പിന്‍വലിക്കില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞതോടെ യുവതി കോള്‍ കട്ട് ചെയ്തു. ഇക്കാര്യവും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഈ കോള്‍ വിവരങ്ങളും പൊലീസിനു യുവതിയെ കണ്ടെത്താന്‍ സഹായകമായി.
കഴിഞ്ഞ ഏഴാം തിയതിയാണ് യുവതി അവസാനമായി ഓഫിസില്‍ എത്തിയത്. ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിയ യുവതി വിഡിയോ റെക്കോര്‍ഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പിന്നാലെയാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരനും പിതാവും രംഗത്തെത്തിയത്. യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞു.
അതിനിടെ താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുവതി വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നുമാണ് യുവതി പറഞ്ഞത്. താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മര്‍ദനമേറ്റതിന്റെതല്ലെന്നും യുവതി പറഞ്ഞു.
Pantheerankavu domestic violence case latest updates