23
Jun 2025
Sat
23 Jun 2025 Sat
acupuncture death

മലപ്പുറം: അക്യുപങ്ചറില്‍ അമിതവിശ്വാസമര്‍പ്പിച്ച മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് മരിച്ചു. മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹരീറ – നവാസ് ദമ്പതികളുടെ കുഞ്ഞ് എസന്‍ എര്‍ഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിറ ഹരീറയും നവാസും കോട്ടക്കല്‍ എടരിക്കോട് പഞ്ചായത്തില്‍ നോവപ്പടിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

ചികിത്സ ലഭിക്കാതെ ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് മരിച്ചത്. ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് മരണം സ്ഥിരീകരിച്ചു. വൈകുന്നേരം 5.30ഓടെ ഇവര്‍ മരണ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം വളാഞ്ചേരി പാങ്ങിലെ വീട്ടിലെത്തിച്ച് 8.45ന് ഖബറടക്കിയത്.

ഇതിനുപിന്നാലെയാണ് ചികിത്സ നിഷേധിച്ച വിവരമറിഞ്ഞ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടില്‍ പ്രസവം; കുത്തിവയ്പ്പില്ല

acupuncture death hira hareera
അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് മാതാവ് ഹിറ ഹരീറ. വീട്ടില്‍ വെച്ചായിരുന്നു പ്രസവം. തുടര്‍ന്ന് സുഖപ്രസവം വിവരിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകളും യുവതി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തക്കാളിപ്പനി വന്ന മൂത്തമോള്‍ക്ക് അക്യുപങ്ചര്‍ ചികില്‍സയിലൂടെ മൂന്ന് ദിവസവം കൊണ്ട് അസുഖം മാറിയ കഥയൊക്കെ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ മഞ്ഞപ്പിത്തവും മാറുമെന്ന് കരുതിയതാവാം അപകടം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്.

സംഭവത്തില്‍ കാടാമ്പുഴ പൊലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ആരോഗ്യ വകുപ്പ് സംഘം വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കുഞ്ഞിന് യാതൊരു പ്രതിരോധ കുത്തിവെപ്പും നല്‍കിയിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.