|
പരിയാരം: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്ന കെ കെ രാധാകൃഷ്ണനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാർ (42) ആണ് പിടിയിലായത്. പ്രതിയും ബിജെപി പ്രവര്‍ത്തകയാണ്. രാധാകൃഷ്ണനെ വെടിവച്ച സന്തോഷുമായി ചേര്‍ന്ന് മിനി ഗൂഡാലോചന നടത്തിയിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു. ഇതോടെ ആണ് കേസില്‍ മൂന്നാം പ്രതിയാക്കി മിനി യെ അറസ്റ്റ് ചെയ്തത്. സന്തോഷിന് തോക്ക് നല്‍കിയ സിജോ ജോസഫാണ് കേസിലെ രണ്ടാം പ്രതി.
ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു. സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്നതാണ് പോലിസ് അറിയിച്ചത്.
മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. ഇത് പിന്നീട് പ്രണയത്തിലേക്ക് അവിഹിത ബന്ധത്തിലേക്കും വഴി മാറുകയായിരുന്നു.
എങ്കിലും രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തിയിരുന്നു. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തതോടെ ശത്രുത തുടങ്ങി.
രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ പരിയാരം പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് സംസാരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് ഫെസ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു .
കഴിഞ്ഞ മാര്‍ച്ച് 20നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാധാകൃഷ്ണന്‍ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ചാണ് പെരുമ്പടവിലെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തിയത്.
റിമാന്‍ഡിലായ സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു.


