26
Oct 2024
Fri
26 Oct 2024 Fri
train tte checking

മലപ്പുറം: യാത്രക്കാരിയില്‍ നിന്ന് അമിതമായി പിഴ ഈടാക്കിയെന്ന പരാതിയില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ മുള്ളമ്പാറ സ്വദേശി കാടന്‍തൊടി ഹിതയുടെ പരാതിയിലാണ് നടപടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യറാണി എക്‌സ്പ്രസില്‍ വാണിയമ്പലത്തു നിന്നു കയറിയ ഹിതയുടെ കൈവശം അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാല്‍ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടി.ടി.ഇ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി.

ഇതേതുടര്‍ന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി 250 രൂപയും ട്രെയിന്‍ പുറപ്പെട്ട നിലമ്പൂരില്‍ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ഈടാക്കി.

ഇതിനു പുറമെ അങ്ങാടിപ്പുറത്തേക്ക് യാത്ര ചെയ്യാന്‍ 145 രൂപ കൂടി അധികമായി ടടിഇ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ ഹരജിയിലാണ് കമീഷന്റെ ഉത്തരവ്.

പിഴയായി 250 രൂപ നിയമാനുസൃതം വാങ്ങിയതിനു ശേഷം യഥാര്‍ഥത്തില്‍ ട്രെയിന്‍ പുറപ്പെട്ട സ്ഥലം മുതല്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് കൈവശമുള്ളതുവരേക്കും 145 രൂപയുടെ ടിക്കറ്റ് മതി. എന്നിട്ടും, അങ്ങാടിപ്പുറം വരെ യാത്ര ചെയ്യാന്‍ അധികമായി 145 രൂപ ഈടാക്കിയതിന് അടിസ്ഥാനമില്ല.

ടിക്കറ്റില്ലാത്ത യാത്ര കണ്ടെത്തിയ ശേഷം തുടര്‍യാത്രക്ക് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന വ്യവസ്ഥ പരാതിക്കാരിയുടെ സാഹചര്യത്തില്‍ ബാധകമല്ലെന്ന് കമീഷന്‍ വിധിച്ചു. ടിക്കറ്റ് പരിശോധനക്കിടയില്‍ യാത്രക്കാരി ഈ കാര്യം ബോധിപ്പിച്ചുവെങ്കിലും പരാതിക്കാരിയില്‍ നിന്നും നിര്‍ബന്ധപൂര്‍വം അമിതമായി പിഴ ഈടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയാണ് കമീഷന്റെ വിധി.

പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5000 രൂപയും അധികമായി ഈടാക്കിയ 145 രൂപയും ഒരു മാസത്തിനകം നല്കണമെന്നും വീഴ്ച വന്നാല്‍ 12 ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്‍ ഉത്തരവില്‍പറഞ്ഞു.