23
Dec 2024
Sun
23 Dec 2024 Sun

പത്തനംതിട്ട: പത്തനംതിട്ടയില്‍ നവദമ്പതികളടക്കം 4 പേര്‍ മരിച്ച അപകടത്തിന്റെ എപ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത്. വാഹനമോടിച്ചത് അലക്ഷ്യമായിട്ടാണെന്നും ഇടുങ്ങിയ റോഡും അപകടത്തിന് കാരണമായെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയത്. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം പറയാമെന്നും എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തില്‍ എയര്‍ബാഗ് ഓപ്പണായതായി കാണുന്നില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 ദിവസം മുമ്പ് മാത്രമാണ് നവദമ്പതികളായ അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത്. വിവാഹശേഷം മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. നവംമ്പര്‍ 30നാണ് ദമ്പതികളുടെ വിവാഹം നടന്നത്. നിഖില്‍ ഈപ്പന്‍ മത്തായി കാനഡയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

അനുവും നിഖിലും വിവാഹശേഷം മലേഷ്യയും സിംഗപ്പൂരും സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തുകയായിരുന്നു. അനുവിന്റെ പിതാവ് ബിജു പി ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും ആണ് മരിച്ച മറ്റ് രണ്ടു പേര്‍. ഇവര്‍ അനുവിനെയും നിഖിലിനെയും കൊച്ചി വിമാനത്താവളത്തിലെത്തി കൂട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം സംഭവിച്ചത്.

വീട് എത്തുന്നതിന് 7 കിലോമീറ്റര്‍ മുന്‍പാണ്അ പകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 4:15 നായിരുന്നു അപകടം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. തെലങ്കാനയില്‍നിന്നുള്ള 19 ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാര്‍ യാത്രക്കാരെ പുറത്തെടുത്തത്.

അനുവും നിഖിലും കാറിനു പുറകിലായിരുന്നു. ബസിന്റെ വലതു വശത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാരാണ് ഓടിയെത്തിയത്. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അനുവിന് മാത്രമാണ് ശ്വാസം ഉണ്ടായിരുന്നത്. ബാക്കിയുള്ള മൂന്നുപേരും തല്‍ക്ഷണം മരിച്ചു.

കോന്നി കൂടല്‍ മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാല് പേരുടെയും മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കകയാണ്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിനുശേഷമായിരിക്കും സംസ്‌കാരം.

സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാറും പ്രതികരിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രതികരണം:
‘കാറോടിച്ചയാള്‍ ഉറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം. ശബരിമല സീസണാണ്. അവരവര്‍ സൂക്ഷിക്കണം. വാഹനമോടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ ഉറങ്ങിയതിനുശേഷം യാത്ര തുടരുകയെന്ന സംസ്‌കാരമാണ് ഉണ്ടാകേണ്ടത്. എല്ലാവരും ശ്രദ്ധിക്കുക. പാലക്കാട് നടന്ന അപകടവും പ്രധാനപ്പെട്ടതായിരുന്നു. മിക്ക അപകടങ്ങളും അശ്രദ്ധ കാരണമാണ് ഉണ്ടാകുന്നത്- മന്ത്രി അഭ്യര്‍ഥിച്ചു.

Pathanamthitta car- mini bus accident fir details