29
May 2024
Sat
29 May 2024 Sat
NEET question papers leaked

പട്‌ന: മെയ് 5ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറും അതിന്റെ ഉത്തരങ്ങളും തലേന്ന് ചോര്‍ന്നതായി ബിഹാര്‍ പോലീസ്. പരീക്ഷ എഴുതുന്ന 20 പേര്‍ക്ക് മെയ് 4ന് ചോദ്യ പേപ്പറുകളും ഉത്തരങ്ങളും കൈമാറിയതായി പട്‌ന പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. ( Patna cops say NEET question & answers leaked day before exam )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഹാറിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നുള്ള പരീക്ഷാര്‍ത്ഥികളെ മെയ് 4ന് പട്‌ന രാമകൃഷ്ണ നഗറിലുള്ള ഒരു വാടക കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് ചോദ്യ പേപ്പറുകള്‍ കൈമാറിയത്. സികന്ദര്‍ യാദവേന്ദു എന്നയാളാണ് രണ്ട് നില കെട്ടിടത്തില്‍ മൂന്നോ നാലോ മുറികള്‍ വാടകയ്ക്ക് എടുത്തത്. ഇവിടേക്ക് രണ്ട് കാറുകളിലായി 20 പരീക്ഷാര്‍ത്ഥികളെ മെയ് 4ന് എത്തിക്കുകയായിരുന്നു. യാദവേന്ദുവിനെയും വിദ്യാര്‍ത്ഥികളെ എത്തിച്ച വാഹനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.

യാദവേന്ദുവിന്റെ മൊഴി പരിശോധിച്ച് വരികയാണെന്നും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒഴിഞ്ഞ പ്രദേശത്തുള്ള കെട്ടിടം കോവിഡിന് മുമ്പ് ഒരു പ്ലേ സ്‌കൂള്‍ നടത്തിയിരുന്നതാണ്. ഈ കെട്ടിടത്തില്‍ നിന്ന് തന്നെയാണ് മെയ് 5ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ സെന്ററില്‍ എത്തിയത്.

പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പോലീസിന് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്. യാദവേന്ദുവിനെയും ഡ്രൈവര്‍ ബിട്ടു കുമാറിനെയും ശാസ്ത്രി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പരീക്ഷ കഴിഞ്ഞതിന് ശേഷം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും കസ്റ്റഡിയിലെടുത്തു.

കെട്ടിടത്തില്‍ നടത്തിയ റെയ്ഡില്‍ കത്തിക്കരിഞ്ഞ നിലയിലുള്ളചോദ്യ പേപ്പറുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു. ഇവ മെയ് 5ന് നടന്ന പരീക്ഷയുടെത് തന്നെയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. റോഷന്‍ കുമാര്‍, നിതീഷ് കുമാര്‍, അമിത് ആനന്ദ് എന്നിവരെയും ഈ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് ലാപ്‌ടോപ്പുകളും സെല്‍ഫോണുകളും കണ്ടെടുത്തു.

ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് എക്‌സാം ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട പ്രതിയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു.

നേരത്തേ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസും 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.