24
Dec 2024
Sat
24 Dec 2024 Sat
Periya double murder: 14 accused including former MLA KV Kunhiraman found guilty

കൊച്ചി: കേരളാ രാഷ്ട്രീയത്തില്‍ വന്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം 14 പ്രതികളും കുറ്റക്കാര്‍. പത്ത് പ്രതികളെ സിബിഐ കോടതി കുറ്റവിമുക്തരാക്കി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഒന്നാം പ്രതി എ പിതാംബരന്‍, മറ്റ് പ്രതികളായ സജി സി ജോര്‍ജ്, അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, കെഎം സുരേഷ്, ജിജിന്‍, ടി രഞ്ജിത്ത്, കെ മണികണ്ഠന്‍, എ സുരേന്ദ്രന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ് വെളുത്തോളി, എ മുരളി, കെവി കുഞ്ഞിരാമന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷമാണ് കൊച്ചി സിബിഐ കോടതി വിധി പറഞ്ഞത്. രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് വിധി പറച്ചില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിധി പറയുന്നത് കേള്‍ക്കാന്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ കോടതയില്‍ എത്തിയിരുന്നു. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പടെ 24 പ്രതികളാണ് ഉണ്ടായിരുന്നത്. അതേസമയം, 10 പ്രതികളെ വെറുതെ വിട്ടതിനെതിരെ നിയമപമരമായി മുന്നോട്ടുപോകുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ടത്. സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയെങ്കിലും പരമോന്നത കോടതിയും കുടുംബത്തോടൊപ്പം നിന്നു.

 

Periya double murder: 14 accused including former MLA KV Kunhiraman found guilty