തിരുവനന്തപുരം: മഹുവ മൊയ്ത്ര എംപിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ഇത് തരംതാണ രാഷ്ട്രീയത്തിന്റെന്റ ഭാഗമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. തന്റെ സഹോദരി ഉള്‍പ്പെടെ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍, കൂടെയുണ്ടായിരുന്നവരെ ഒഴിവാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് തരൂര്‍ വിമര്‍ശിച്ചു. തന്നേക്കാള്‍ പത്തിരുപത് വയസ്സ് പ്രായം കുറവുള്ള എംപിയാണ്. തന്നെ സംബന്ധിച്ച് കുട്ടിയാണ്. 15 പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങള്‍ വെട്ടിമാറ്റിയാണ് സ്വകാര്യ കൂടിക്കാഴ്ച എന്ന നിലയില്‍ പ്രചരിപ്പിച്ചത്. ഇത് തരംതാണ രാഷ്ട്രീയമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
|
ഓണ്‍ലൈന്‍ ട്രോളുകളെ താന്‍ കാര്യമായി എടുക്കാറില്ലെന്ന് ശശി തരൂര്‍ വിശദമാക്കി. മാധ്യമങ്ങള്‍ അവയ്ക്ക് നല്‍കുന്ന പ്രാധാന്യം പോലും താന്‍ നല്‍കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും തരൂര്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ശശി തരൂരും മഹുവ മൊയ്ത്രയും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് സ്വകാര്യ കൂടിക്കാഴ്ച എന്ന തരത്തില്‍ മോശം വാക്കുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. ബിജെപിയുടെ ട്രോള്‍ സേനയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മഹുവ നേരത്തെ പ്രതികരിച്ചിരുന്നു. വെട്ടിമാറ്റാതെ ചിത്രം മുഴുവനായി കാണിക്കാനും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.
ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ കോഴ കൈപ്പറ്റിയെന്ന് മഹുവയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ചിത്രങ്ങളും പ്രചരിച്ചത്. തനിക്ക് വേണ്ടി നേരിട്ട് ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ മഹുവ തന്റെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കിയെന്ന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി സമര്‍പ്പിച്ച സത്യവാങ്മൂലം പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിയുടെ മുന്നിലാണ്. അതിനിടെ മഹുവ മൊയിത്രയ്‌ക്കെതിരെ ലോക്പാലിന് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി എംപി നിഷികാന്ത് ദുബെ. മഹുവയുടെ പാര്‍ലമെന്റ് അക്കൗണ്ട് ദുബൈയില്‍ ഉപയോഗിച്ചെന്നാണ് പരാതി. മഹുവ ഇന്ത്യയിലുള്ളപ്പോഴാണ് വിദേശത്ത് അക്കൗണ്ട് തുറന്നതെന്ന് ഏജന്‍സികള്‍ കണ്ടെത്തിയെന്ന് ദുബെ ആരോപിച്ചു.





