വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താനാണെങ്കില്‍ കാറില്‍ അദ്ദേഹത്തെ കയറ്റില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും കാറില്‍ കയറ്റിയത് ശരിയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
|
ഇക്കാര്യത്തില്‍ താന്‍ നേരത്തേ വിശദീകരണം നല്‍കിയതാമെന്നും പിണറായി പറഞ്ഞു. ബിനോയ് വിശ്വം നടത്തിയ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു ഈ മറുപടി. സിപിഐ ചതിയും വഞ്ചനയും കാണിക്കുമെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയുമായി ഉള്ളത് ഊഷ്മളബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം, ശബരിമല സ്വര്‍ണക്കൊള്ള, വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിവാദം, അടൂര്‍ പ്രകാശിന്റെ ആരോപണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വാര്‍ത്താസേേമ്മളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതില്‍ വിവാദമാക്കേണ്ട യാതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എസ്ഐടി ചില ഇടപെടല്‍ നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമായ ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ തടസ്സപ്പെടുത്താനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചതിയന്‍ ചന്തുവെന്ന പേര് ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല. കണ്ടാല്‍ ചിരിക്കും. കൈകൊടുക്കും. അത്രമാത്രമായിരിക്കും ഇടപെടലെന്നും ബിനോയ് വിശ്വം പറയുകയുണ്ടായി. ഇതേക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. അതേസമയം മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുകയുണ്ടായി. തര്‍ക്കിക്കാനാണോ വന്നിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനോടു ചോദിച്ച മുഖ്യമന്ത്രി ഇതു നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.
ALSO READ: വിവാഹത്തിനു പിന്നാലെ നവവരനെ തൂണില്‍ കെട്ടിയിട്ട് തല്ലി ഭാര്യാവീട്ടുകാര്‍


