|
ന്യൂഡൽഹി: മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യഹരജിളിൽ സുപ്രീംകോടതി എന്ത് നിലപാടെടുക്കുമെന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. ഇന്നലെ ഹരജി പരിഗണനയ്‌ക്കെടുത്ത സുപ്രീംകോടതി വിഷയത്തിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടിസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെയാണ് യു.പി ശിയാ വഖ്ഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വി സുപ്രിംകോടതിയിൽ ഹരജി നൽകിയത് എങ്കിലും കേസിൽ വിശദമായി വാദം നടക്കുമ്പോൾ ശിവസേന, അകാലിദൾ എന്നീ കക്ഷികളുടെ നിലനിൽപ്പും ചർച്ചയാവും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹരജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയാണ് ഹരജിക്കാരനു വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന പാർട്ടി അംഗീകാരമുള്ള രണ്ട് കക്ഷികളുടെ പേരിൽ ‘മുസ്ലിം’ എന്നുണ്ടെന്ന് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. ചില പാർട്ടികളുടെ കൊടികളിൽ മതചിഹ്നങ്ങളായ ചന്ദ്രികയും നക്ഷത്രവുമെല്ലാമുണ്ട്. വേറെയും ചില പാർട്ടികൾക്കു മതനാമങ്ങളാണുള്ളതെന്നും അഭിഭാഷകൻ ഉന്നയിച്ചു. മുസ്ലിം ലീഗിന് ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങളുള്ള കാര്യവും ഗൗരവ് ഭാട്ടിയ കോടതിയെ ഉണർത്തി. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു പറഞ്ഞ ഭാട്ടിയ മുൻ സുപ്രിംകോടതി ജഡ്ജിയായ എസ്.ആർ ബൊമ്മൈ പഴയൊരു കേസിൽ നടത്തിയ നിരീക്ഷണവും എടുത്തുകാട്ടി.
തുടർന്നാണ് കോടതി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടിസ് അയച്ചത്. ഒക്ടോബർ 18നകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് കേസിൽ കക്ഷി ചേരാനും കോടതി അനുമതിയുണ്ട്.
Supreme Court issues notice to central government and election commission on plea to ban political parties with religious names or symbols including Muslim League



