|
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി വ്യാജ വാർത്തകൾ. ഇന്ത്യയിൽ സന്ദർശനത്തിലുള്ള നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയെ ഉദ്ധരിച്ചാണ് വ്യാജ വാർത്ത പ്രചരിച്ചത്. മുംബൈ ആസ്ഥാനമായ സംഘ്പരിവാർ അനുകൂല ഇംഗ്ലീഷ് ചാനൽ ടൈംസ് നൗ ആണ് ആദ്യമായി വാർത്ത പ്രസിദ്ധീകരിച്ചത്. ഇത് പിന്നീട് മലയാളമാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. മോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന വിധത്തിലാണ് മലയാള മാധ്യമങ്ങളുൾപ്പെടെ വാർത്ത നൽകിയത്.
സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി നരേന്ദ്രമോദിയാണെന്നും ഇന്ത്യയെന്ന രാജ്യത്തെ കൂടുതൽ ശക്തമാക്കിയ ഭരണപരിഷ്‌കാരങ്ങൾക്കാണ് മോദി തുടക്കമിട്ടതെന്നും തോജെ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട്‌ചെയ്തു. എന്നാൽ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി അസ്‌ലെ തോജെ തന്നെയാണ് രംഗത്തുവന്നത്. ഇത്തരം വാർത്തകൾക്ക് ആരും ഓക്‌സിജനും ഊർജവും നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യയുടെ ഉക്രൈൻ അധിനിവേശം പരാമർശിച്ച ശേഷം മോദിയെ കുറിച്ചുള്ള ടൈംസ് നൗ അവതാരകന്റെ ചോദ്യത്തിന്, ഈ വിഷയത്തിൽ മോദിയുടെ ഇടപെടലിന് പ്രാധാന്യമുണ്ടെന്നും ഇന്ത്യ പോലെയുള്ള വലിയ രാജ്യത്തിന് ഇത്തരംകാര്യങ്ങളിൽ കൂടുതൽ ചെയ്യാൻ കഴിയുമെന്നുമായിരുന്നു അസ്‌ലെ തോജെ പറഞ്ഞത്. ലോക മെമ്പാടും സമാധാനം കൊണ്ടുവരുന്നതിന് നരേന്ദ്രമോദിക്ക് എത്ര റേറ്റ് കൊടുക്കുമെന്നായി അടുത്ത ചോദ്യം. അതിനുള്ള അസ്‌ലെ തോജെയുടെ മറുപടിയാണ് ചാനൽ വളച്ചടൊച്ച് പ്രചരിപ്പിച്ചത്. ചാനൽ അവതാരകനും പിന്നീട്, മോദിക്ക് നൊബേൽ സാധ്യത എന്ന് ട്വീറ്റ്‌ചെയ്തു. വാർത്ത വിവാദമായതോടെ ട്വീറ്റ് പിന്നീട് അപ്രത്യക്ഷമായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





