ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദാനന്തര ബിരുദ (എം.എ) യോഗ്യതയെക്കുറിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ അക്കാലത്തെ അദ്ദേഹത്തിന്റെ സഹപാഠിയെന്ന് അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തക രംഗത്ത്. 1981ല്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ മോദിയെ കണ്ടിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തക ഷീല ഭട്ട് പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നും ഷീല ഭട്ട് പറഞ്ഞു.
|
1981 ല്‍ എംഎ രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് മോദിയെ ആദ്യമായി കാണുന്നത്. എന്റെ ഗുരുനാഥന്‍ പ്രൊഫ പ്രവീണ്‍ ഷേത്ത് ആയിരുന്നു അദ്ദേഹത്തിന്റെയും ഗുരുനാഥന്‍. മോദി പഠനത്തില്‍ മിടുക്കനായിരുന്നു. മോദിയുടെ സഹപാഠികളില്‍ ഒരാളായ ഇപ്പോള്‍ അഭിഭാഷകയായി ജോലിചെയ്യുന്ന ആളെയും ഞാന്‍ ഓര്‍ക്കുന്നു. കുറച്ച് കാലം മുമ്പ് അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസും പ്രധാനമന്ത്രി മോദിയെ നിരക്ഷരനെന്ന് വിളിച്ച് ട്വിറ്ററില്‍ ധാരാളം പോസ്റ്റുകള്‍ ഇട്ടിരുന്നു. അപ്പോള്‍ ഞാന്‍ അവളോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ മിണ്ടിയില്ല- ഷീല ഭട്ട് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ എഡിറ്റര്‍ സ്മിത പ്രകാശിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു ഷീലാ ഭട്ടിന്റെ ഈ അവകാശവാദം.
ഇന്ത്യന്‍ എക്‌സ്പ്രസ്, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ജോലി ചെയ്ത മാധ്യമപ്രവര്‍ത്തകയാണ് ഷീലാ ഭട്ട്. ഇല്ലസ്‌ട്രേറ്റഡ് വീക്കിലിക്ക് വേണ്ടി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ഷീല ഇന്റര്‍വ്യൂ ചെയ്തത് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





