|
തിരുവനന്തരപുരം: രണ്ടുദിവസത്തെ കേരളാസന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിൽ വെല്ലിങ്ങ് ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച.
സിറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ളിമിസ് കാതോലിക്ക ബാവ, ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കോട്ടയം ക്നാനായ സഭയുടെ അധിപൻ ബിഷപ്പ് മാത്യു മൂലക്കാട്ട്, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽദായ സുറിയാനി സഭയുടെ മേധാവി മാർ ഔജിൻ കുര്യാക്കോസ്, ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, ചിങ്ങവനം ക്നാനായ സഭയുടെ മേധാവി കുര്യാക്കോസ് മാർ സേവറിയൂസ്, സീറോ മലങ്കര സഭ കർദിനാൾ മാർ ക്‌ളിമ്മീസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. എട്ട് സഭാ മേലധ്യക്ഷന്മാരും പാർട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാൻ പിടിച്ച ഡോക്ടർ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ ബിജെപി നേതാക്കൾ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സഭാ അദ്ധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. വിഷു ദിനത്തിൽ ക്രൈസ്തവരെ വീടുകളിലേക്ക് ക്ഷണിച്ച് പായസവും കൈനീട്ടവും നൽകിയതും വിജയമായിരുന്നു എന്നാണ് ബിജിപിയുടെ വിലയിരുത്തൽ. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ പാർടിയോട് ചേർത്ത് നിർത്തുക എന്ന ബിജെപിയുടെ പദ്ധതിയുടെ ഭാഗമായുള്ള രാഷ്ട്രീയ നീക്കമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളെ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്തിടെ ബിജെപി അനുകൂല പ്രസ്താവനകളുമായി പല ബിഷപ്പുമാരും രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ബിജെപിയുടെ ഭരണത്തിൻ കീഴിൽ ക്രൈസ്തവർ അരക്ഷിതരല്ല എന്ന മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന സഭക്ക് അകത്തും പുറത്തും ചർച്ചയായിരുന്നു.





