തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിക്ക് കാരണമായ ശബരിമലയിലെ സ്വര്‍ണക്കൊള്ള പ്രമേയമാക്കി രചിച്ച പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തില്‍ രചയിതാവും ഗായകനുമാടക്കം നാലുപേര്‍ക്കെതിരെ കേസെടുത്ത് സൈബര്‍ പോലീസ്. ഗാനരചയിതാവ് കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍.
|
മതവികാരം വ്രണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. അതേസമയം ഗാനരചയിതാവിന്റെ പേര് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.
തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹിയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന് പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരേ പരാതി നല്‍കിയത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഈ പാരഡി ഗാനത്തിനെതിരേ സിപിഐഎം നേതാക്കളും പരസ്യമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് പോറ്റിയെ കേറ്റിയേ എന്ന ഗാനമെന്നും ഇവര്‍ ആരോപിക്കുകയുണ്ടായി. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തില്‍ ഇടതുപക്ഷം അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി ഉപയോഗിച്ചതിന്റെ തെളിവുകള്‍ യുഡിഎഫ് പുറത്തുവിട്ടിരുന്നു.
ALSO READ: മക്കളുടെ ട്യൂഷന്‍ അധ്യാപകനൊപ്പം അമ്മ ഒളിച്ചോടി; ഇരുവരുടെയും ഫോട്ടോകളുമായി ഭര്‍ത്താവ് രംഗത്ത്





