|
കൊച്ചി: ഫോർട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കേസില്‍ നാവികസേനാ കേന്ദ്രത്തിൽ പൊലീസ് പരിശോധന. പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് പരിശോധന നടന്നത്. ബാലിസ്റ്റിക്ക് വിദഗ്ധന്‍റെ സഹായത്തോടെയായിരുന്നു പരിശോധന.
സംഭവദിവസം നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്ക് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് തോക്കുകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. വെടിയുതിര്‍ത്തത് നാവികസേന കേന്ദ്രത്തില്‍ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സ്ഥലം നാവിക സേനാ കേന്ദ്രത്തിലെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടാണെന്ന് പൊലീസ് അറിയിച്ചു.
നാവിക പരിശീലന കേന്ദ്രത്തില്‍ നിന്നും വന്ന വെടിയുണ്ടയാണ് സെബാസ്റ്റ്യന്റെ ചെവിയില്‍ കൊണ്ടതെന്ന് മത്സ്യത്തൊഴിലാളികളും ആരോപിച്ചിരുന്നു. എന്നാല്‍ വെടിയുണ്ട പരിശോധിച്ചെന്നും ഇത് തങ്ങളുടതല്ലെന്നുമായിരുന്നു നാവികസേനാ അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വാദം വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. കൃത്യമായ അന്വഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ബുധനാഴ്ച രാവിലെ അൽ റഹ്‌മാൻ എന്ന ഇൻബോർഡ് വള്ളത്തിൽ മീൻപിടിക്കാൻപോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയിൽ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവി തുളച്ച് കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്തു വച്ചായിരുന്നു സംഭവം.
ഉച്ചക്ക് 12ഓടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു. ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാണെന്ന് മനസിലായത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു. ബോട്ടിനുള്ളിൽ നിന്ന് ബുള്ളറ്റും കണ്ടെടുത്തിരുന്നു. സെബാസ്റ്റ്യന്റെ ചെവിയില്‍ അഞ്ച് തുന്നലുണ്ട്. രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ദൃക്സാക്ഷി മൈക്കിള്‍ പറഞ്ഞിരുന്നു.



