21
Sep 2022
Sun
21 Sep 2022 Sun

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഉയർത്തി ആരോപണം തെറ്റാണെന്ന് പൊലീസ്. പൂനെയിൽ പോപുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപ്രകടനത്തിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം ഉയർത്തിയെന്ന ഇരുവരുടെയും ആരോപണമാണ് പൊലീസ് നിഷേധിച്ചത്. അത്തരമൊരു മുദ്രാവാക്യം പോപുലർ ഫ്രണ്ട് പ്രകടനത്തിൽ ഉയർന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ടൈംസ് നൗ, എഎൻഐ, റിപബ്ലിക് ടിവി, നയ് ദുനിയ, ലോക്മത് തുടങ്ങിയ മാധ്യമങ്ങളും ഇരുവരുടെയും വാദം ഏറ്റുപിടിച്ചിരുന്നു.  ഇത്തരമൊരു ആരോപണം ഉയർന്നതോടെയാണ് പൊലീസ് വിശദീകരണം നൽകിയത്. സിന്ദാബാദ്, സിന്ദാബാദ്, പോപുലർ ഫ്രണ്ട് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധത്തിനിടെ മുഴക്കിയതെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ പ്രതാപ് മങ്കർ വ്യക്തമാക്കി. 

 

ന​ഗരത്തിലെ സമാധാനം തകർക്കാൻ ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നു പറഞ്ഞ മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ പ്രതിഷേധത്തിലെ മുദ്രാവാക്യങ്ങൾ തങ്ങൾ സൂക്ഷ്മമായ നിരീക്ഷിച്ചുവെന്നും പാകിസ്താൻ സിന്ദാബാദ് എന്നൊരു മുദ്രാവാക്യം അവിടെ മുഴക്കിയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. 

 

ദേശവ്യാപകമായി ഇഡിയും എൻഐഎയും റെയ്ഡ് നടത്തി തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരേ ജില്ലാ കലക്ടറുടെ ഓഫിസിനു പുറത്ത് പോപുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നായിരുന്നു പ്രചാരണം. പ്രതിഷേധത്തിൽ പങ്കെടുത്ത ചിലരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരുടെ അറസ്റ്റ് പിറ്റേദിവസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.