23
Jun 2025
Sat
23 Jun 2025 Sat
Police inspected the vehicle in which MP Shafi Parampil and MLA Rahul Mangkootam were travelling in Nilambur

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കളായ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തുവച്ചാണ് ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു പരിശോധന നടത്തിയത്. ഷാഫി പറമ്പിലിന്റെ വാഹനത്തിലാണ് പരിശോധന നടന്നത്. വാഹനത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഉണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. ചാര നിറത്തിലുള്ള പെട്ടിയില്‍ നിന്ന് വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്തിയതെന്നാണ് സൂചന. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിക്കുന്നത് കേള്‍ക്കാം. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. തങ്ങളെ സുഖിപ്പിക്കാന്‍ വരേണ്ടെന്നും അങ്ങനെ സുഖിക്കുന്ന ആളുകള്‍ അല്ല തങ്ങളെന്നും പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിന്റെ സര്‍വീസിനുള്ള പാരിതോഷിതം തരാമെന്നും ഓര്‍ത്ത് വെച്ചോ എന്നും രാഹുല്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.

ഒറ്റരാത്രികൊണ്ട് എംപിയും എംഎല്‍എയും ആയവരല്ല ഞങ്ങള്‍… അവര്‍ പെട്ടിതുറന്ന് പരിശോധിക്കട്ടെ- ഷാഫി പറയുന്നുണ്ട്. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വാഹനം തടഞ്ഞുനിര്‍ത്തി ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പികെ ഫിറോസ് പറഞ്ഞു. ഷാഫിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചു. ഷാഫിയാണെന്ന് മനസിലായപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ വാഹന പരിശോധനയുടെ ഭാഗമായാണ് എംപിയും എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Police inspected the vehicle in which MP Shafi Parampil and MLA Rahul Mangkootam were travelling in Nilambur