24
Dec 2022
Thu
24 Dec 2022 Thu

ഓടുന്ന ബസ്സിനുള്ളിൽ പൊലീസുകാരൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലാണ് സംഭവം. സര്‍ക്കാര്‍ ജിഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടറായ ഭാര്യ മംഗുബെനിനെയാണ് ഭര്‍ത്താവ് അമൃത് രത്വ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂറത്ത് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 200 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താനെത്തിയത്. ഫോണില്‍ പല തവണ വഴക്കിട്ടതിനെ തുടര്‍ന്നാണ് അമൃത് ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത്.

മംഗുബെന്നെ കൊല്ലാനായി അമൃത് രത്വ ഇവർ ജോലി ചെയ്യുന്ന ഭിഖാപൂര്‍ ഗ്രാമത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിൽ ഇയാള്‍ കയറി. കണ്ടക്ടറുടെ സീറ്റിലിരുന്ന മംഗുബെന്നിനെ നിരവധി തവണ കുത്തുകയും തുടര്ന്ന് കഴുത്ത് അറുക്കുകയായിരുന്നു.

ഭാര്യയെ കൊന്ന ശേഷം പൊലീസ് എത്തുന്നതുവരെ ഇയാൾ മൃതദേഹത്തിന് സമീപം ഇരുന്നു. അറസ്റ്റിലായ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി.