യുപിയില്‍ മദ്‌റസയില്‍ പോലീസ് റെയ്ഡ്. ഇവിടെ കണ്ടെത്തിയ 40 പെണ്‍കുട്ടികളെയും വീടുകളിലേക്ക് മടക്കി അയയ്ക്കാന്‍ സ്ഥാപന നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം. പഹല്‍വാര ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്‌റസയിലായിരുന്നു പോലീസ് റെയ്ഡ്. മദ്‌റസയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി ലഭിച്ചുവെന്നും ഇതേത്തുടര്‍ന്നാണ് നടപടിയെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അശ്വിനി കുമാര്‍ പാണ്ഡ്യ പറഞ്ഞു.
|
പോലീസ് സംഘം മദ്‌റസയിലെത്തിയതോടെ നടത്തിപ്പുകാര്‍ മുകള്‍ നിലയിലെ മുറിയില്‍ പെണ്‍കുട്ടികളെ ഒളിപ്പിക്കുകയായിരുന്നു. പോലീസ് സംഘം ടെറസില്‍ കയറുകയും അടച്ചിട്ട ശുചിമുറിയുടെ വാതില്‍ തുറന്ന് കുട്ടികളെ പുറത്തേക്ക് കൊണ്ടുവരികയുമായിരുന്നു. 9നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഇവിടെ താമസിച്ചുപഠിക്കുകകയായിരുന്നു. കുട്ടികള്‍ ഭയന്നിട്ട് മുകള്‍ നിലയിലെ ശുചിമുറിയില്‍ സ്വയം ഒളിക്കുകയായിരുന്നുവെന്ന് സ്ഥാപനത്തിലെ അധ്യാപിക പോലീസിനോടു പറഞ്ഞു.
ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍ മുഹമ്മദ് ഖാലിദിനോട് സ്ഥാപനത്തിന്റെ രജിസ്‌ട്രേഷനും നിയമപരമായാണോ പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധിക്കാനും അശ്വിനി കുമാര്‍ പാണ്ഡ്യ നിര്‍ദേശിച്ചു. മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനമാണ് ഇതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഖാലിദ് പറഞ്ഞു. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ നടത്തിപ്പുകാര്‍ക്കായില്ലെന്നും ഖാലിദ് മാധ്യമങ്ങളോട് പറഞ്ഞു. 2023ല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 495 അനധികൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നുവെന്ന് അന്ന് ഈ മദ്‌റസ സര്‍വ സംഘത്തിന്റെ കണ്ണില്‍ പെടാതെ പോയതാണെന്നും ഖാലിദ് പറയുന്നു.
സ്ഥാപനത്തിന് ലൈസന്‍സ് ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് ഇത് അടച്ചുപൂട്ടാനും പെണ്‍കുട്ടികളെ വീടുകളിലേക്ക് മടക്കി അയയ്ക്കാനും നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ കേസൊന്നും എടുത്തിട്ടില്ലെന്ന് അഡീഷനല്‍ പോലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്വഹ പറഞ്ഞു. മാതാപിതാക്കളോ എസ്ഡിഎമ്മോ ന്യൂനപക്ഷ ക്ഷേമ ഓഫിസറോ പരാതി നല്‍കിയിട്ടില്ലെന്നും രാമാനന്ദ് പ്രസാദ് വ്യക്തമാക്കി.





