23
Jan 2025
Sat
23 Jan 2025 Sat
Police release Mami's driver and wife

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും പോലീസ് വിട്ടയച്ചു. ക്രൈംബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ കാരണമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്നു രജിത് കുമാറും തുഷാരയും പൊലീസിനു മൊഴി നല്‍കി. കുറ്റവാളികളോടു പെരുമാറുന്നതു പോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയതെന്നും തിരോധാനത്തില്‍ പങ്കില്ലെന്നും ഇരുവരും നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് എലത്തൂര്‍ സ്വദേശി രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് തുഷാരയുടെ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചിരുന്നതായും പിന്നീട് ഇവരെക്കുറിച്ച് വിവരവും ഇല്ലെന്നായിരുന്നു പരാതി. പിന്നാലെ വ്യാഴാഴ്ച ഇരുവരെയും ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. കോഴിക്കോട്ട് എത്തിച്ച ഇരുവരേയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ചോദ്യംചെയ്താണ് വിട്ടയച്ചത്.

തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.

2023 ഓഗസ്റ്റ് 22നാണ് മാമിയെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.

മുഹമ്മദ് അട്ടൂരിനെ കാണാതായ സ്ഥലത്തെയും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ച മറ്റുസ്ഥലങ്ങളിലെയും ടവറുകളിലൂടെ കടന്നുപോയ ഫോണ്‍വിളികളാണ് പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വന്‍കിട വ്യാപാരവ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ ചോദ്യംചെയ്‌തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

180 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദിന്റെ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് പിവി അന്‍വര്‍ എംഎല്‍എ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്.

 

Police release Mami’s driver and wife