വധശ്രമക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ പി പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ ലക്ഷദ്വീപ് കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു എംപി. കവരത്തിയിലെ ജില്ലാ സെഷൻസ് കോടതി 2009ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലാണ് തടവുശിക്ഷ വിധിച്ചത്. കേസിൽ പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുമുണ്ട്.
|
വിധിക്ക് പിന്നാലെ കേസിലെ ശിക്ഷാകാലാവധി രണ്ട് വർഷത്തിലേറെയായതിനാൽ എം.പിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കാൻ നീക്കം നടക്കുന്നുണ്ട്. യൂനിയൻ ടെറിട്ടറി അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ചവരിൽ പ്രധാന സംഘാടകരിലൊരാളായിരുന്നു ഫൈസൽ.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രശ്‌നത്തിൽ ഇടപെട്ടതിന്റെ പേരിൽ മുൻ കേന്ദ്രമന്ത്രി പിഎം സയ്യിദിന്റെ മരുമകൻ പടനാഥ് സാലിഹിനെ എംപിയും മറ്റുള്ളവരും ആക്രമിച്ചതായാണ് അഭിഭാഷകർ കോടതിയിൽ പറഞ്ഞത്.
വധശ്രമക്കേസിൽ എം.പിയടക്കം നാലുപേരെ കോടതി ഉച്ചയ്ക്ക് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ തന്നെ പൊലീസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കണ്ണൂർ സെട്രൽ ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. കവരത്തിയിൽ നിന്നും ഹെലികോപ്ടർ മാർഗം കൊച്ചിയിലേക്കാണ് എംപിയെയും മറ്റുപ്രതികളെയും എത്തിച്ചത്. തുടർന്ന് രണ്ട് ഹെലികോപ്ടറുകളിലായി കണ്ണൂർ വിമാനത്താവളത്തിലെത്തുകയായിരുന്നു. തുടർന്ന് കേരള പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ റോഡ് മാർഗമാണ് പ്രതികളെ ജയിലിലേക്ക് എത്തിച്ചത്.



