|
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് ആറുവരെ നീണ്ടുനില്‍ക്കും. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് രാവിലെ ഏഴിന് കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളിലെ 25ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യും. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മണ്ഡലത്തില്‍ വോട്ടില്ല. ബിജെപി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന് പാമ്പാടി സ്‌കൂളിലെ 116ാം നമ്പര്‍ ബൂത്തിലാണ് വോട്ട്.
വയനാട്ടില്‍ UDF, LDF, NDA സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ വോട്ടില്ല. ആകെ വോട്ടര്‍മാര്‍ 14,71,742. പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20നാണ്.
ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ചേലക്കര മണ്ഡലത്തില്‍ ആറും വയനാട്ടില്‍ പതിനാറും സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളില്‍ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരുണ്ട്. 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.
വോട്ട് ചെയ്യാനാവശ്യമായ തിരിച്ചറിയല്‍ രേഖകള്‍
വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എന്‍പിആര്‍ സ്‌കീമിന് കീഴില്‍ ആര്‍ജിഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, എംപി/എംഎല്‍എ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ കൈയിലുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയും.
Polling started in Wayanad and Chelakkara





